പുതിയൊരു ശക്തിസമവാക്യം; ചരിത്രപരമായ നീക്കം; കൈകോർത്ത് സൗദിയും തുർക്കിയയും പാകിസ്താനും
text_fieldsമക്ക: മധ്യപൂർവേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ പുതിയൊരു ശക്തിസമവാക്യം. ചരിത്രപരമായ നീക്കവുമായി സൗദി അറേബ്യയും തുർക്കിയയും പാകിസ്താനും. സുരക്ഷക്കായി ഒരുമിച്ച് നിൽക്കാൻ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് വെള്ളിയാഴ്ച മക്കയിൽ നടന്ന ഉച്ചകോടിയിൽ കരാറിൽ ഒപ്പുവെച്ചത്.
മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം എല്ലാവർക്കും നേരെയുമുള്ള ആക്രമണമായി പരിഗണിക്കുമെന്ന് കരാർ വ്യക്തമാക്കുന്നു. ഏതൊരു ആക്രമണത്തെയും കൂട്ടായി പ്രതിരോധിക്കുക, മൂന്ന് രാജ്യങ്ങൾക്കുമിടയിലുള്ള സൈനിക-പ്രതിരോധ സഹകരണം സമഗ്രമായി വികസിപ്പിക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിെൻറ ക്ഷണപ്രകാരമാണ് ഇരു നേതാക്കളും സൗദി അറേബ്യയിൽ എത്തിയത്. സന്ദർശനത്തിെൻറ ഭാഗമായി വ്യാഴാഴ്ച ജിദ്ദയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഉംറ നിർവഹിച്ചു. തുർക്കിയ പ്രസിഡൻറ് വെള്ളിയാഴ്ച രാവിലെയോടെയാണ് ജിദ്ദയിലെത്തിയത്.
തുടർന്ന്, മക്ക അൽ സഫ കൊട്ടാരത്തിലെ റോയൽ ദിവാനിൽ വെച്ച് കിരീടാവകാശി ഇരുനേതാക്കളെയും സ്വീകരിച്ചു. അതിനുശേഷം നടന്ന ‘മക്ക സംയുക്ത പ്രതിരോധ ഉച്ചകോടി’യിൽ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താല്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും വിലയിരുത്തി.
ചരിത്രപരമായ സൗഹൃദം, ഇസ്ലാമിക സാഹോദര്യം, പങ്കാളിത്ത തന്ത്രപ്രധാന താല്പര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ നിർണായക കരാർ രൂപവത്കരിച്ചത്. മേഖലയിലും ആഗോളതലത്തിലും സുസ്ഥിരമായ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനും സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും ഈ പ്രതിരോധ സഖ്യം വഴിയൊരുക്കുമെന്ന് ഉച്ചകോടിക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

