'സന്ദേശം' സിനിമയിലേതുപോലെ ഒരു പോര്
text_fieldsതൊണ്ണൂറുകളുടെ തുടക്കത്തിൽ ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടിൽ പിറന്ന സൂപ്പർഹിറ്റ് രാഷ്ട്രീയ സിനിമയായ 'സന്ദേശ'ത്തെ ഓർമിപ്പിക്കുകയാണ് ഈ പഞ്ചായത്ത് ഇലക്ഷനിൽ എെൻറ തറവാടും വാർഡും. വലതുപക്ഷക്കാരനായ പ്രകാശനെയും ഇടതുപക്ഷക്കാരനായ പ്രഭാകരനെയും ഒരേ തറവാട്ടിൽ ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന രാഘവൻ നായരുടെ അവസ്ഥയിലാണ് തറവാട്ട് കാരണവന്മാർ. മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിൽ 20ാം വാർഡിലാണ് എളാപ്പയും മോനും തമ്മിലെ 'സന്ദേശ' പോര്.
സഹോദരപുത്രൻ അധ്യാപകനും മാധ്യമപ്രവർത്തകനുമായ ലത്തീഫ് പാലക്കാട്ടും മുൻ പ്രവാസി കൂടിയായ എളേപ്പ അബ്ദുൽ ഹമീദ് ഹാജി പാലക്കാട്ടും തമ്മിലാണ് മത്സരം. ഇടതുപക്ഷ സ്ഥാനാർഥിയാണ് ഹമീദ്ഹാജി. ലത്തീഫ് യു.ഡി.എഫ് സ്ഥാനാർഥിയും. ഇവർക്ക് പുറമെ സ്വതന്ത്ര സ്ഥാനാർഥികൾ വേറെയുമുണ്ട്. വാർഡിൽ നിറയെ നിർണായക സ്വാധീനമുള്ള വലിയ കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. അങ്ങനെയൊരു കുടുംബത്തിൽനിന്ന് ഇവർ നേർക്കുനേരെ ഏറ്റുമുട്ടുന്നത് കുടുംബത്തിലെ കാരണവന്മാർക്ക് വലിയ തലവേദനയുണ്ടാക്കിയിട്ടുണ്ട്. ലോകമാകെ വ്യാപിച്ചു കിടക്കുന്ന കുടുംബത്തിലെ പ്രവാസികളും അതുമായി ബന്ധപ്പെട്ട കുടുംബ കൂട്ടായ്മ സംഘടനകളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഒരേ വീട്ടിൽ രാഘവൻ നായരുടെ മക്കളായ കെ.ആർ.പിയെയും പ്രഭാകരൻ കോട്ടപ്പള്ളിയെയും പോലെ പല രാഷ്ട്രീയവും പല കൊടികളുമാണ്.
അതിനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. അതേസമയം നിയമസഭ, ലോക്സഭ ഇലക്ഷനുകളിൽ ഇതൊന്നും തറവാടിനെ ബാധിക്കില്ല. എന്നാൽ പഞ്ചായത്തിൽ അങ്ങനെയല്ല. കുടുംബ കെട്ടുറപ്പിനെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായ ഭിന്നിപ്പുകൾ കുടുംബത്തിൽ വിള്ളലുകളുണ്ടാക്കാതെ കൈകാര്യം ചെയ്യാനുള്ള സജീവ ശ്രമത്തിലാണ് കുടുംബാംഗങ്ങളും കാരണവന്മാരും. കുടുംബ വോട്ടുകൾ കേന്ദ്രീകരിക്കുന്നതും ആർക്കെങ്കിലും പ്രത്യേക പിന്തുണ നൽകുന്നതും ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ലെന്നും ജനാധിപത്യത്തിെൻറ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മാതൃകയാക്കേണ്ട ഉത്തരവാദിത്തം കുടുംബത്തിനുണ്ടെന്നുമാണ് പൊതു അഭിപ്രായം.
ഇനി കുടുംബ സ്ഥാനാർഥികൾക്ക് അനുകൂലമോ എതിരോ ആയി അവരവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അനുസരിച്ച് ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടാൻ എല്ലാവർക്കും ഒരുപോലെ കഴിയും. പഞ്ചായത്ത് ഇലക്ഷൻ കാലത്ത് നിരവധി കുടുംബങ്ങൾ ഇതേ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് അറിവ്. 20ാം വാർഡിൽ കടുത്ത രാഷ്ട്രീയ ശത്രുതകൾക്കൊടുവിൽ ഒരേ ഓട്ടോയിൽ ഓഫിസിലേക്ക് പോകാനൊരുങ്ങുന്ന കെ.ആർ.പിയെയും പ്രഭാകരനെയും പോലെ തെരഞ്ഞെടുപ്പിന് ശേഷം ഹമീദ് ഹാജിയും ലത്തീഫ് മാഷും എളാപ്പയും മകനുമായ ഊഷ്മളബന്ധം തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

