പതിനൊന്ന് വർഷമായി സൗദി  ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശിയുടെ മോചനം കാത്ത്​ കുടുംബം

ജുബൈൽ: പതിനൊന്നു വർഷമായി സൗദി ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശിയെ മോചിപ്പിക്കാൻ വഴിതേടി കുടുംബം. മക്കയിലെ  ജയിലിൽ കഴിയുന്ന  വേങ്ങര നെല്ലിപ്പറമ്പ് ഊരകം സ്വദേശി അബ്​ദുൽ  റസാഖ് കൊളക്കാട​​​​െൻറ മോചനം എങ്ങനെ സാധ്യമാവുമെന്നറിയാൻ ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ അബ്​ദുൽൽ കരീം കാസിമിയെ കുടുംബം സമീപിച്ചപ്പോഴാണ്​ വാർത്ത പുറത്തു വന്നത്​.  

2007ൽ ജിദ്ദയിലെ ഒരു ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായി എത്തിയതായിരുന്നു അബ്​ദുൽ റസാഖ്. ജോലിയുടെ ആവശ്യാർർഥം ഒരു മലയാളിയുടെ ടാക്സിയിൽ മക്കയിലേക്ക് പോകവേ  പൊലീസ് പിടിയിലായി. വഴിയിൽ വാഹനം പരിശോധിക്കുന്നതിനിടെ കാറിനുള്ളിൽ ലഹരി ഒളിപ്പിച്ചു വെച്ചത്​ കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരും അറസ്​റ്റിലായത്. സംഭവത്തിനുശേഷം കുറെ നാളുകൾ അബ്​ദുൽ റസാഖിനെ കുറിച്ച്​ വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ബുറൈദയിലെ ജയിലിൽ നിന്നും ഇയാൾ നാട്ടിലേക്ക് വിളിച്ചു വിവരം അറിയിച്ചപ്പോഴാണ്  കുടുംബവും ബന്ധുക്കളും വിവിരം അറിയുന്നത്.

അബ്​ദുൽ റസാഖ് നിരപരാധിയാണെന്നും താനാണ് ലഹരി ഒളിപ്പിച്ചതെന്നും വാഹനോടിച്ചയാൾ കോടതിയിൽ ബോധിപ്പിച്ചുവെങ്കിലും റസാഖിനും തുല്യശിക്ഷ തന്നെ ലഭിക്കുകയായിരുന്നു. ലഹരി സാധനം കച്ചവടത്തിന്​ കൊണ്ടുപോയി ​ എന്നാണ് ഇരുവർക്കും എതിരായ കേസ്. റസാഖ് ജയിലിൽ ആയതോടെ കുടുംബം തീർത്തും ദാരിദ്ര്യത്തിലായി. റസാഖി​​​​െൻറ ഭാര്യാപിതാവി​​​​െൻറ സംരക്ഷണയിലാണ് ഭാര്യ ഫാത്തിമയും രണ്ടു മക്കളും കഴിയുന്നത്  എന്ന്​ അവരെ സന്ദർശിച്ച അബ്​ദുൽ  കരീം കാസിമി പറഞ്ഞു.

മുഹമ്മദ് അനീസ്, സൽമാൻ ഫാരിസ് എന്നീ മക്കളുടെ വിഭ്യാസ ചെലവടക്കം മുഴുവൻ കാര്യങ്ങളും ഈ വൃദ്ധ പിതാവാണ് നോക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളും മാനസിക വിഷമങ്ങളും കുടുംബത്തെ വല്ലാതെ വലക്കുകയാണ് . റസാഖി​​​​െൻറ മോചനത്തിന് ആരെയാണ് സമീപിക്കേണ്ടതെന്ന് പോലും ഇവർക്ക് നിശ്ചയമില്ല. 

മന്ത്രി കെ.ടി ജലീൽ വഴി  മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നോർക്ക  റിയാദ് എംബസി വഴി നടത്തിയ അന്വേഷണത്തിൽ ലഭിച്ച മറുപടിയിൽ റസാഖ് മക്കയിൽ പതിനഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ച് ജയിലിൽ ആണെന്ന് അറിയിച്ചിരുന്നു.  കേന്ദ്ര-സംസ്ഥാന സർക്കാരുകളും, ഇന്ത്യൻ എംബസിയും ഇടപെട്ടാൽ റസാഖിന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Loading...
COMMENTS