മദീനയിൽ തീർഥാടകർക്കായി 33 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും
text_fieldsമദീനയിലൊരുക്കിയ ആരോഗ്യകേന്ദ്രം
മദീന: ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീനയിലെത്തുന്ന തീർഥാടകർക്ക് ആതുര സേവനം നൽകുന്നതിനായി 33 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായതായി മദീന ഹെൽത്ത് ക്ലസ്റ്റർ വ്യക്തമാക്കി. മൊബൈൽ ക്ലിനിക് വാഹനങ്ങൾക്ക് പുറമേയാണിത്. മികച്ച വൈദ്യസഹായം നൽകുന്നതിന് രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതിന് 21,000-ലധികം ആരോഗ്യ-സാങ്കേതിക ഉദ്യോഗസ്ഥരും രംഗത്തുണ്ടാകും.
മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ സജ്ജരാക്കുക, മെഡിക്കൽ ഉപകരണങ്ങൾ നൽകുക എന്നിവയും തയാറെടുപ്പുകളിൽ ഉൾപ്പെടുന്നു. അടിയന്തര സേവനങ്ങൾ, ഹജ്ജ് വാക്സിനുകൾ, ലബോറട്ടറി സേവനങ്ങൾ, രക്തബാങ്കുകൾ എന്നിവയും സേവനങ്ങിലുൾപ്പെടുമെന്നും മദീന ഹെൽത്ത് ക്ലസ്റ്റർ വിശദീകരിച്ചു.
അടിയന്തര പരിചരണകേന്ദ്രങ്ങൾ, സൺസ്ട്രോക്ക് സെന്റർ തുടങ്ങി തീർഥാടകർക്ക് ആതുരസേവനം നൽകുന്നതിന് പ്രധാന ആശുപത്രികളും ഉൾപ്പെടുന്നു. തീർഥാടകരുടെ താമസസ്ഥലങ്ങളിലെ പ്രാഥമിക പരിചരണ കേന്ദ്രങ്ങൾക്കായുള്ള സാങ്കേതികവും ഭരണപരവുമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
നജൂദ് മെഡിക്കൽ സെന്ററുകൾ, ഖുബാഅ്, അൽഅവാലി, അൽസലാം, അൽഹറ അൽഗർബിയ, ബാബ് അൽമജീദി എന്നിവിടങ്ങളിലെ പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടും. പ്രതിരോധത്തിന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം കൈവരിക്കുന്നതിന് മദീന ഹെൽത്ത് ക്ലസ്റ്ററിന്റെ സമഗ്രമായ പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമങ്ങൾ. ഇതിലൂടെ തീർഥാടകർ എത്തിച്ചേരുന്നത് മുതൽ അവർ പുറപ്പെടുന്നത് വരെ അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും ക്ലസ്റ്റർ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

