മദ്യക്കടത്തിന് തുഖ്ബ ജയിലില്‍ കഴിയുന്നത് നൂറോളം പേര്‍; നേതൃത്വം നല്‍കാനും കടത്താനും മലയാളികള്‍
text_fieldsദമ്മാം: ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് നിയമവിരുദ്ധമായി മദ്യം കടത്തിയതിന് തുഖ്ബ ജയിലില്‍ കഴിയുന്നത് നൂറിലേറെ പേര്‍. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന മദ്യമാഫിയ ഇതിനായി മാത്രം ആളെ കൊണ്ടുവരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ തെരഞ്ഞുപിടിച്ച് ടാക്സി ഡ്രൈവര്‍ വിസ നല്‍കിയാണ് ഇടനിലക്കാര്‍ സൗദിയിലേക്ക് കൊണ്ടുവരുന്നത്. പിടിക്കപ്പെട്ടാല്‍ ചെറിയ ശിക്ഷക്ക് ശേഷം നാടുകടത്തുമെന്നും പിടിക്കപ്പെടുന്നതുവരെയുള്ള സമ്പാദ്യം ലാഭം എന്നുമാണ് വാഗ്ദാനം. ജയിലില്‍ കിടക്കുന്ന കാലത്ത് നാട്ടില്‍ വീട്ടുകാര്‍ക്ക് ചെലവിന് പണം നല്‍കാമെന്നും ഉറപ്പുനല്‍കും. നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇതിനായി വരാന്‍ ആള്‍ക്കാര്‍ തയാറാകുന്നത് ഓരോ തവണയും ബഹ്റൈനില്‍ പോയിവരുമ്പോള്‍ ലഭിക്കുന്ന ഭീമമായ പ്രതിഫലം മനസ്സില്‍ കണ്ടാണ്. മലയാളികള്‍ക്ക് പുറമേ, തമിഴ്നാട്, കര്‍ണാടക സ്വദേശികളും ഈ കെണിയില്‍ പെടുന്നുണ്ട്.
ഇവിടെ എത്തിക്കഴിഞ്ഞാല്‍ സ്പോണ്‍സര്‍ വഴി ഇവരുടെ പേരില്‍ വലിയ കാറുകള്‍ വായ്പക്ക് എടുത്തു നല്‍കും. ബഹ്റൈന്‍-സൗദി റൂട്ടില്‍ ടാക്സി ആയി ഓടാനാണ് വാഹനമുപയോഗിക്കുന്നത്. ഫോര്‍ച്യൂണര്‍, സെക്വായ പോലുള്ള വലിയ വാഹനങ്ങളാണ് എടുക്കുന്നത്. മദ്യക്കുപ്പികള്‍ ഒളിപ്പിക്കാനുള്ള സൗകര്യവും യാത്രക്കാരായി കുടുംബങ്ങളുണ്ടായാല്‍ പരിശോധനയുണ്ടാവില്ല എന്നതുമാണ് ഇതിന് കാരണം. ഡോറുകള്‍ക്കുള്ളിലും കീഴ്ഭാഗത്ത് പ്രത്യേകം സംവിധാനിച്ച അറകളിലും തുടങ്ങി, പെട്രോള്‍ ടാങ്കിനുള്ളില്‍ പോലും മദ്യക്കുപ്പികള്‍ കടത്തുന്നുണ്ടത്രേ. ഒരു ട്രിപ്പിന് 2,500 - 3,000 റിയാലാണ് ഇവര്‍ക്ക് മാഫിയ പ്രതിഫലം നല്‍കുന്നത്. മദ്യക്കടത്തിന് പിടിക്കുന്നവരെ അല്‍ഖോബാറിലുള്ള തുഖ്ബ ജയിലിലാണ് അടയ്ക്കുന്നത്. കടത്തിയ മദ്യത്തിന്‍െറ അളവ്, മദ്യപിച്ചിരുന്നോ എന്നിവ പരിഗണിച്ചാണ് ശിക്ഷ ലഭിക്കുക. അടിയും വര്‍ഷങ്ങളോളം ശിക്ഷയും കിട്ടുന്നവരുമുണ്ട്. പക്ഷേ, പിടിയിലായി കഴിഞ്ഞാല്‍ മാഫിയ സംഘം പതിയെ തടിയൂരും. ഇയാള്‍ക്ക് എന്തുപറ്റിയെന്നറിയാതെ വീട്ടുകാര്‍ പരിഭ്രാന്തരാകും. ഇവിടെ നിന്നുള്ള പണം നിലക്കുന്നതോടെ വീടുക ള്‍ പട്ടിണിയിലാവുകയും ചെയ്യും.
പൊതുമാപ്പിലും മറ്റുമായി കുറേ പേര്‍ക്ക് മോചനം ലഭിക്കുന്നതിനെയും ഇരകളെ ചൂണ്ടയിടാന്‍ മാഫിയ സംഘം ഉപയോഗിക്കുന്നത്. ഈ റമദാനിലെ പൊതുമാപ്പില്‍ പത്തോളം പേര്‍ക്ക് മാത്രമാണ് തുഖ്ബ ജയിലില്‍ നിന്ന് മോചനം ലഭിച്ചത്. എന്നാല്‍,സമാനമായ കേസില്‍ പിടിക്കപ്പെട്ട് രണ്ടരവര്‍ഷമായിട്ടും മോചനം ലഭിക്കാത്തയാള്‍ വരെ ജയിലില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ റമദാന് മുമ്പ് പിടിക്കപ്പെട്ട മലപ്പുറം സ്വദേശിയും അകത്തുതന്നെയാണ്. ഇവരുടെയൊക്കെ കുടുംബങ്ങള്‍ നാട്ടില്‍ യാതനയിലാണ്. ശിക്ഷക്ക് ശേഷം മോചനം ലഭിച്ചുകഴിഞ്ഞാല്‍ നാടുകടത്തും. പിന്നീടൊരിക്കലും സൗദിയിലേക്ക് വരാനാകില്ല. ജി.സി.സി രാഷ്ട്രങ്ങള്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്ന പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഏതെങ്കിലും ഒരുരാജ്യത്ത് ക്രിമിനല്‍ കേസില്‍ കുടുങ്ങിയയാള്‍ക്ക് ഒരുഗള്‍ഫ് രാജ്യത്തും പിന്നീട് പ്രവേശിക്കാനുള്ള അനുമതി ഉണ്ടാകുകയുമില്ല. ചുരുക്കത്തില്‍ ഇങ്ങനെ വന്ന് പിടിക്കപ്പെടുന്നവരുടെ ഗള്‍ഫ് മോഹം അതോടെ പൊലിയുകയാണ്. അജ്ഞതയും ബുദ്ധിമുട്ടനുഭവിക്കുന്നവന്‍െറ നിസ്സഹായതയുമാണ് മാഫിയ മുതലെടുക്കുന്നത്. ബഹ്റൈനിലും സൗദിയിലുമുള്ള രണ്ടുമലബാര്‍ സ്വദേശികളാണ് ഈ രംഗം നിയന്ത്രിക്കുന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.