രണ്ടു കിരീടം; ഏറ്റവും പ്രിയം 2002ലെ വിജയം
text_fieldsബ്രസീൽ നായകൻ കഫു 2002 ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ
ഖത്തർ ലോകകപ്പ് ഫുട്ബാളിന്‍റെ തയാറെടുപ്പിൽ സുപരിചിത മുഖമാണ് ബ്രസീൽ ഇതിഹാസമായ കഫു. ലോകകപ്പിന്‍റെ ഒരുക്കങ്ങളിലുണ്ട്, സ്റ്റേഡിയം നിർമാണ വേളകളിലും രാജ്യാന്തര തലത്തിലെ പ്രചാരണത്തിലും, അറബ് കപ്പ് പോലെയുള്ള ടൂർണമെന്‍റിലും ലോകകപ്പ് ട്രോഫി പര്യടനത്തിലുമായി ഖത്തർ ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡർ മുഖമായി കഫുവുണ്ട്.
രണ്ടുതവണ ലോകകിരീടം, ദേശീയ ടീമിനൊപ്പം നാല് ലോക കിരീടം... ബ്രസീൽ ഫുട്ബാൾ ആരാധകർക്കിടയിൽ സാക്ഷാൽ പെലെക്കൊപ്പം തന്നെയാണ് റൈറ്റ്ബാക്കിലെ ഈ സൂപ്പർതാരത്തിന്‍റെയും ഇടം. 1970ൽ പെലെ തന്‍റെ കരിയറിലെ അവസാന ലോകകപ്പ് സമ്മാനിച്ച ശേഷം, ബ്രസീലിനെ തേടി മറ്റൊരു ലോക കിരീടമെത്തുന്നത് 1994ലായിരുന്നു. ദുംഗ നായകനായി കാനറികളുടെ സംഘത്തിൽ വലതുബാക്ക് കാത്തുസൂക്ഷിച്ച കഫുവിന് അന്ന് പ്രായം 24. ഫൈനലിൽ ഇറ്റലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അന്ന് ബ്രസീലിന്‍റെ കിരീടനേട്ടം. ശേഷം, 1998ൽ ഫ്രാൻസിനോട് ഫൈനലിൽ തോറ്റ് മടക്കം.
അന്നും ഇടത് റോബർട്ടോ കാർലോസും വലത് കഫുവും. 2002ൽ വിശ്വമേള ഏഷ്യയിലെത്തിയപ്പോൾ ബ്രസീലും ജർമനിയും ഫൈനൽ. കാനറികളുടെ നായകൻ കുപ്പായത്തിൽ സാക്ഷാൽ കഫു. റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഒലിവർ ഖാന്‍റെ ജർമനിയെ 2-0ത്തിന് തരിപ്പണമാക്കി ബ്രസീൽ കിരീടമണിഞ്ഞപ്പോൾ കഫുവിന്‍റെ തൊപ്പിയിൽ രണ്ടാം കിരീടവിജയം. അന്ന് 31 വയസ്സായിരുന്നു പ്രായം.
2022 ജൂൺ 30ന് ജപ്പാനിലെ യോകോഹാമ സ്റ്റേഡിയത്തിലെ കിരീട വിജയത്തിന്‍റെ 20ാം വാർഷികമായിരുന്നു ഇത്തവണ.
അതിന്‍റെ ഓർമയിൽ നൽകിയ അഭിമുഖത്തിൽ കഫുവിനോട്, ഏറ്റവും ഇഷ്ടപ്പെട്ട ലോകകപ്പ് മുഹൂർത്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംശയമേതുമില്ല. 1994ലെയും 2002ലെയും കിരീട വിജയം തന്നെ. എന്നാൽ, 31ാം വയസ്സിൽ, നായകന്‍റെ കുപ്പായത്തിൽ എടുത്തുയർത്തിയ 2002ലെ കിരീട വിജയമാണ് തന്‍റെ ലോകകപ്പ് ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കഫു സാക്ഷ്യപ്പെടുത്തുന്നു.
'രണ്ടും പ്രധാനപ്പെട്ടതാണ്. 24ാം വയസ്സിലെ ലോകകപ്പ് കിരീട വിജയം ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു. 2002ൽ വീണ്ടും കപ്പിൽ മുത്തമിട്ടു. ബ്രസീലിന്‍റെ അഞ്ചാമത്തെയും, ഞാൻ ക്യാപ്റ്റനായുമുള്ള വിജയം. വ്യക്തിപരമായി എനിക്കേറ്റവും മഹത്തരം 2002ലെ ആ വിജയമായിരുന്നു' -കഫു പറയുന്നു.
ഖത്തറിൽ ബ്രസീൽ ആറാം കിരീടം നേടുമോ?
മികച്ച ടീമാണ് ബ്രസീലിന്‍റേത്. യുവത്വവും പരിചയ സമ്പത്തുംകൊണ്ട് സമ്പന്നമായ സംഘം. ദേശീയ ടീമിലെ താരങ്ങളെല്ലാം ക്ലബ് തലത്തിൽ തങ്ങളുടെ ടീമിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ഖത്തർ ലോകകപ്പിൽ മികച്ച കിരീട സാധ്യതകളുമായാണ് ബ്രസീൽ എത്തുന്നത് എന്നതിൽ തർക്കമില്ല.
അവർ രാജ്യത്തിന്‍റെയും ആരാധകരുടെയും പ്രതീക്ഷകൾക്കൊപ്പം മഹത്തായ വിജയത്തിലെത്തുമെന്നു തന്നെയാണ് എന്‍റെയും സ്വപ്നങ്ങൾ. നിലവിലെ ടീം ലൈനപ്പിന്‍റെയും താരങ്ങളുടെയും ഫോം പരിഗണിക്കുമ്പോൾ കിരീട വിജയത്തിന് ഒരുപാട് സാധ്യതകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

