ഖത്തർ സ്റ്റാർസ് ലീഗിൽ തഹ്സീന് ആദ്യ ഗോൾ
text_fieldsദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ മലയാളിതാരം തഹ്സീന് ആദ്യ ഗോൾ. ക്യു.എസ്.എല്ലിൽ അൽ ദുഹൈൽ ക്ലബിനായി ഇറങ്ങിയ മലയാളിയായ തഹ്സീൻ മുഹമ്മദ് 41ാം മിനിറ്റിലാണ് അൽ ഷമാലിനെതിരെയാണ് തന്റെ ആദ്യ ഗോൾ നേടിയത്. കോർണറിലൂടെ ലഭിച്ച പന്ത് സഹതാരം പിയാടിക് ഹെഡ് ചെയ്ത് തഹ്സീന്റെ കാലുകളിലേക്ക്, പോസ്റ്റിന് തൊട്ടുമുൻപിൽ നിന്ന തഹ്സീൻ ലക്ഷ്യം തെറ്റാതെ പന്ത് വലയിലാക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടു നടന്ന ടൂർണമെന്റിൽ അൽദുഹൈൽ എഫ്.സി ഏകപക്ഷീയമായ രണ്ടുഗോളിന് വിജയിച്ചു. 25ാം മിനുറ്റിൽ ക്രിസ്റ്റോഫ് പിയാറ്റെക് ആണ് അൽദുഹൈലിനുവേണ്ടി ആദ്യ ഗോൾ നേടിയത്.
ഖത്തറിൽ കളി പഠിച്ച് യൂത്ത് ടീമുകളിലും, സീനിയർ ക്ലബുകളിലും ശ്രദ്ധേയനായ തഹ്സിൻ ലോകകപ്പിന് യോഗ്യത നേടിയ സംഘത്തിന്റെയും ഭാഗമാണ്. ഖത്തർ കോച്ച് ലോപെറ്റ്ഗുയെയുടെ മാച്ച് പ്ലാനിൽ തഹ്സിനുമുണ്ടായിരുന്നു. ലോകകപ്പ് യോഗ്യത പ്രഖ്യാപനവുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ 53 താരങ്ങൾ ഒന്നിച്ചുള്ള ഫ്രെയിം ചിത്രീകരിച്ചപ്പോൾ, അതിൽ നക്ഷത്രതിളക്കമായി കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദും ഇടം പിടിച്ചു. യു.എ.ഇയെ 2-1ന് തരിപ്പണമാക്കിയ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിഞ്ഞില്ലെങ്കിലും താരസമ്പന്നമായ ബെഞ്ചിലെ സാന്നിധ്യവും സന്തോഷിക്കാൻ ഏറെ വകയുള്ളതായിരുന്നു.
ഖത്തർ ലോകകപ്പ് ഫുട്ബാളിനായി ഒരുങ്ങുന്നതിനിടെ 2021ൽ ദേശീയ അണ്ടർ 16 ടീമിൽ ഇടം പിടിച്ചാണ് ആസ്പയർ താരം ശ്രദ്ധേയനാവുന്നത്. പിന്നീടുള്ള വർഷങ്ങളിൽ അണ്ടർ 17, 19 ടീമുകളിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും ഇടംനേടി. 2024 മാർച്ചിലായിരുന്നു താരസമ്പന്നമായ അൽ ദുഹൈലിനായി അരങ്ങേറിയത്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിലൂടെയായിരുന്നു തഹ്സിൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്യൂ.എസ്.എല്ലിൽ അൽ ദുഹൈലിനായി വിവിധ മത്സരങ്ങളിൽ കളിച്ച താരം, കഴിഞ്ഞ ആഗസ്റ്റിൽ ലെബനാനെതിരായ സൗഹൃദ മത്സരത്തിൽ സീനിയർ ടീമിനായി കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

