യുവ ഗവേഷക പുരസ്കാരത്തിന് ഗവേഷണ പഠനങ്ങൾ ക്ഷണിച്ചു
text_fieldsദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫും കായിക-യുവജനകാര്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രണ്ടാമത് മികച്ച യുവ ഗവേഷക പുരസ്കാരത്തിന് ഗവേഷണ പഠനങ്ങൾ ക്ഷണിച്ചു. ‘യുവജനങ്ങളും സാമൂഹിക ഉത്തരവാദിത്തവും; കടമകളും വെല്ലുവിളികളും -ഖത്തറിനെ അടിസ്ഥാനമാക്കിയുള്ള പഠനം’ എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളാണ് പുരസ്കാരത്തിനായി സമർപ്പിക്കേണ്ടത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 1,00,000 ഖത്തർ റിയാലും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 75,000 ഖത്തർ റിയാലും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 50,000 ഖത്തർ റിയാലും സമ്മാനമായി ലഭിക്കും.യുവാക്കളെ ഗവേഷണ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുകയും ഖത്തറിലെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിക്കുന്നത്.
കായിക -യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ചുള്ള ഈ പുരസ്കാരം ഖത്തർ പൗരന്മാരിലെയും ഇവിടെ താമസിക്കുന്നവരിലെയും മികച്ച യുവ ഗവേഷകരെയും വിദ്യാർഥികളെയും ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിലെ ഗവേഷണ -ഇസ്ലാമിക പഠന വിഭാഗം ഡയറക്ടർ ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽ ഥാനി വ്യക്തമാക്കി.ഖത്തർ പൗരന്മാരോ ഖത്തറിൽ താമസിക്കുന്നവരോ ആയ, 20 മുതൽ 39 വരെ വയസ്സുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പേര് ഗവേഷണ പ്രബന്ധത്തിന്റെ കവർപേജിൽ കാണിച്ചിരിക്കണം. അപേക്ഷയോടൊപ്പം ബയോഡേറ്റയും ഐ.ഡി കാർഡിന്റെ പകർപ്പും സമർപ്പിക്കണം. ഗവേഷണരചന സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 5.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

