പ്രാദേശിക സുരക്ഷ ചട്ടക്കൂട് അനിവാര്യം; നിർദേശങ്ങൾ പാലിക്കാൻ ഇറാൻ സന്നദ്ധമാകണം -ഖത്തർ
text_fieldsവിദേശകാര്യ മന്ത്രാലയം മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹിം അൽ ഹാഷിമി
വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: പരമാധികാരത്തെ മാനിക്കുന്ന പുതിയ പ്രാദേശിക സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കണമെന്ന് ഖത്തർ. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാന്റെ ഭാഗത്തുനിന്ന് പ്രായോഗിക നടപടികളുണ്ടാകണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹിം അൽ ഹാഷിമി പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയത്. പ്രാദേശിക സംഘർഷങ്ങളിൽ ഖത്തറിന്റെ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായ സുരക്ഷ ഉറപ്പാക്കിയതായും, ജനജീവിതവും സാമ്പത്തിക പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടർച്ച ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താൻ, സൗദി അറേബ്യ, മെക്ക ഡിഫൻസ് അലയൻസ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ജി.സി.സി രാജ്യങ്ങൾ മുൻകൈയെടുത്ത് തയാറാക്കുന്ന സുരക്ഷാ ചട്ടക്കൂട് അംഗീകരിക്കാനും അത് പ്രാവർത്തികമാക്കാനും ഇറാന് ബാധ്യതയുണ്ട്. മേഖലയിലെ രാജ്യങ്ങൾക്കെതിരെയുള്ള ഭീഷണികൾ അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്കിലൂടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനും സന്നദ്ധരായി ഇറാൻ സമാധാന നിലപാട് സ്വീകരിക്കണം. തെഹ്റാനിലേക്ക് ഖത്തർ പ്രതിനിധി സംഘം സന്ദർശനം നടത്തിയത് ചർച്ചകളുടെയും മധ്യസ്ഥ ശ്രമങ്ങളുടെയും ഭാഗമാണ്. അമേരിക്കയുടെയും ഇറാന്റെയും പ്രസ്താവനകൾ സംഘർഷസാധ്യത സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇരുപക്ഷവും നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. സുസ്ഥിരമായ കരാറിലൂടെ പ്രതിസന്ധി സമഗ്രമായി പരിഹരിക്കാനും മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനും മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് അൽ ഹാഷിമി വ്യക്തമാക്കി.

