തൊഴിലാളികൾക്ക് അർബുദ ബോധവത്കരണവുമായി ക്യു.സി.എസ്
text_fieldsഖത്തർ കാൻസർ സൊസൈറ്റി, ഖത്തർ റെഡ് ക്രസന്ററുമായി സഹകരിച്ച് മീസൈമിറിൽ സംഘടിപ്പിച്ച
ബോധവത്കരണ പരിപാടി
ദോഹ: തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണം ശക്തമാക്കാൻ ഖത്തർ കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പരിപാടികൾ തുടരുന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്നുമാസത്തെ ക്യാമ്പയിന്റെ ഭാഗമായി രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും മുൻകൂട്ടിയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിനോടനുബന്ധിച്ച് ഖത്തർ റെഡ് ക്രസന്റിന്റെ സഹകരണത്തോടെ അൽ ജുമൈല, മീസൈമീർ ഹെൽത്ത് സെന്ററുകളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചർമ്മം, രക്തം, കരൾ എന്നിവയെ ബാധിക്കുന്ന കാൻസറുകളെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു. രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
തൊഴിലിന്റെ സ്വഭാവം, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത്, മറ്റ് തൊഴിൽ -പരിസ്ഥിതി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകി. ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രധാന്യം, പ്രതിരോധ കുത്തിവെപ്പുകൾ, കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുക തുടങ്ങിയ കാര്യങ്ങളും വിശദീകരിച്ചു. വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി വിവിധ ഭാഷകളിൽ ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്തു.
ക്യാൻസർ രോഗത്തെക്കുറിച്ചും അത് മുൻകൂട്ടി കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ കൂടുതൽ അവബോധം വളർത്തുകയാണ് ഖത്തർ ക്യാൻസർ സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ഹെൽത്ത് എജുക്കേറ്റർ നൂർ മക്കിയ പറഞ്ഞു. രോഗപ്രതിരോധവും രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതുമാണ് ക്യാൻസർ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന വഴികളെന്നും അവർ വ്യക്തമാക്കി. വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികൾ ഉൾപ്പെടെ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും സന്ദേശങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ ഭാഷകളിലാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ആരോഗ്യകരമായ ജീവിതരീതികൾ സ്വീകരിക്കുന്നതിനായി കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സമൂഹം വലിയ താൽപര്യം കാണിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

