പൈലറ്റുമാരെ തടഞ്ഞുവെച്ചെന്ന ഇറാൻ വാദം തള്ളി ഖത്തർ
text_fieldsദോഹ: ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഇറാൻ വാദം പൂർണ്ണമായും തള്ളി ഖത്തർ. പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിൽ ഇല്ലെന്നും ഇറാന്റെ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, പുറത്തുവരുന്ന ഇത്തരം വാർത്തകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർച്ച് മാസത്തിലാണ് ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ച് ഇറാന്റെ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തിന്റെ സഞ്ചാരപഥം സ്ഥിരീകരിച്ചും നടപടിക്രമങ്ങൾ പാലിച്ചും പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്ന് മാജിദ് അൽ അൻസാരി വ്യക്തമാക്കി.
രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അന്നുതന്നെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ശേഷം കാണാതായ പൈലറ്റുമാർക്കുവേണ്ടി അന്താരാഷ്ട്ര തലത്തിൽ മികച്ച വൈദഗ്ധ്യമുള്ള ഖത്തറിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രംഗത്തിറങ്ങി. തിരച്ചിലിൽ കണ്ടെത്തിയ ഒരു പൈലറ്റിന്റെ ഭൗതികാവശിഷ്ടം കൈമാറാൻ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇറാൻ അധികൃതർക്ക് സന്ദേശം അയച്ചിട്ടുണ്ട്. കൂടാതെ, തിരച്ചിൽ -രക്ഷാപ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും നേരിട്ട് മനസ്സിലാക്കുന്നതിനും ഏപ്രിൽ മാസത്തിൽ ഇറാനിയൻ പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം ഇതിവരെ ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

