അവാർഡ് തിളക്കത്തിൽ ഖത്തർ റെയിൽ
text_fieldsദോഹ: ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ മിന്നുന്ന നേട്ടവുമായി ഖത്തർ റെയിൽ. ലൈറ്റ് റെയിൽ, പൊതുഗതാഗത മേഖലയിലെ മികവിനും നവീകരണത്തിനുമായി നൽകുന്ന പ്രശസ്തമായ ഗ്ലാബൽ ലൈറ്റ് റെയിൽ അവാർഡിൽ ‘വേൾഡ് വൈഡ് ഓപ്പറേറ്റർ ഓഫ് ദി ഇയർ’ പുരസ്‌കാരമാണ് ഖത്തർ റെയിൽ സ്വന്തമാക്കിയത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ഖത്തർ റെയിൽ സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരിയും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകളിലൂടെ കാഴ്ചവെച്ച മികച്ച പ്രവർത്തനക്ഷമത, ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ, ഉന്നത നിലവാരമുള്ള സേവനം, നവീകരണവും സുസ്ഥിരതയും എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. ഈ വർഷം മൊത്തം 17 വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകിയത്. മുൻ വർഷങ്ങളിൽ ഇതേ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടാൻ ഖത്തർ റെയിലിന് സാധിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് പുരസ്‌കാര നേട്ടം. ഇത് സേവന മികവിലുള്ള പുരോഗതിയെയാണ് കാണിക്കുന്നത്.
ലോകത്തിലെ മുൻനിര റെയിൽ ഓപ്പറേറ്റർമാർക്കിടയിൽ ഖത്തർ റെയിലിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് അവാർഡ് നേട്ടമെന്ന് ഖത്തർ റെയിൽ സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ഞങ്ങളുടെ ടീമിന്റെയും പങ്കാളികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്മാർട്ട് സാങ്കേതികവിദ്യകളും ആധുനിക മാനേജ്‌മെന്റ് രീതികളും ഉപയോഗിച്ച് പ്രവർത്തന സുരക്ഷ ഉറപ്പാക്കാൻ സാധിച്ചതിന്റെ തെളിവാണ് അവാർഡ് നേട്ടമെന്ന് ഖത്തർ റെയിൽ ചീഫ് ഓഫ് സർവിസ് ഡെലിവറി എൻജിനീയർ അഹമ്മദ് മുഹമ്മദ് അൽ സാലിഹ് പറഞ്ഞു. 2025ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെയുള്ള വൻകിട അന്താരാഷ്ട്ര ഇവന്റുകളിൽ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കാൻ ഖത്തർ റെയിലിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2026ൽ പ്രതിദിനം ശരാശരി രണ്ട് ലക്ഷം യാത്രക്കാരാണ് ഖത്തർ റെയിൽ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ കമ്പനിക്ക് കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

