ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി
text_fieldsദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇറാൻ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഖേദം പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം അമേരിക്കയുടെ മദ്ധ്യപൂർവ മേഖലയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നും തന്ത്രപരമായ കേന്ദ്രവുമാണ്. ഇന്നലെ വൈകീട്ടാണ് ഖത്തർ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്‍റെ മിസൈലാക്രമണമുണ്ടായത്. വൈകുന്നേരം 6.45ഓടെ ഖത്തർ വ്യോമപരിധി അടച്ചതായി വാർത്ത വന്നതിനു പിന്നാലെയാണ് മിസൈൽ ആക്രമണവും ആരംഭിച്ചത്. തലസ്ഥാനമായ ദോഹയിലും അൽ വക്റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസമേഖലയിലും വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടു. രാത്രി 7.30ഓടെ ആകാശത്ത് മിസൈലുകൾ പായുന്നതും മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ദൃശ്യമായി. അതിനിടെ, ആക്രമണവിവരം യു.എസിനെ നേരത്തെ അറിയിച്ചതായി ഇറാൻ വ്യക്തമാക്കി. ഇറാന്‍റെ മിസൈൽ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ആക്രമണം സ്വയംപ്രതിരോധത്തിന്‍റെ ഭാഗമാണെന്നും യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരമുള്ള നിയമാനുസൃതമായ സൈനിക പ്രതികരണമായിരുന്നു അതെന്നും ഇറാന്‍റെ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗാഈ പറഞ്ഞിരുന്നു. ‘ഇറാന്‍റെ പരമാധികാരത്തിന് നേരെ യു.എസ് യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണത്തോടുള്ള മറുപടിയായിരുന്നു അത്. ഈ നടപടിക്ക് ഞങ്ങളുടെ സൗഹൃദ അയൽരാഷ്ട്രമായ ഖത്തറുമായി ഒരു ബന്ധവുമില്ല. ഖത്തറിനോടും മറ്റ് അയൽ രാജ്യങ്ങളോടുമുള്ള നല്ല അയൽപക്ക നയത്തിൽ ഉറച്ചുനിൽക്കാൻ ഇറാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. യു.എസിന്‍റെയും ഇസ്രായേലിന്‍റെയും ക്രിമിനൽ നയങ്ങളും ആക്രമണങ്ങളും മേഖലയിലെ സഹോദര രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു’ -അദ്ദേഹം പറഞ്ഞു.
ഇന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡർ അലി സലേഹബാദിയെ വിളിച്ചുവരുത്തി. ആക്രമണത്തിൽ ശക്തമായി അപലപിച്ച വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും വ്യക്തമാക്കി. ഇതിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഖത്തർ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടി ഇറാനുമായുള്ള സൗഹൃദത്തെയും ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെയും നയതന്ത്രത ചർച്ചകളെയും ബാധിക്കും. ഖേഖലയിൽ വിവിധ മധ്യസ്ഥ ശ്രമങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന ഖത്തറിനുമേൽ നടത്തിയ ആക്രമണം ഗുരുതരമാണെന്നും അദ്ദേഹംവ്യക്തമാക്കി. ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംഘർഷം വർധിപ്പിക്കാതിരിക്കാൻ, സൈനിക നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.