ബഹ്റൈന് നേരെയുള്ള ഇറാൻ ആക്രമണം; മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നീക്കം -ഖത്തർ
text_fieldsദോഹ: ബഹ്റൈന് നേരെയുള്ള ഇറാൻ ആക്രമണം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന പ്രകോപനപരമായ നീക്കമെന്ന് ഖത്തർ. സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണങ്ങളിൽ ശക്തമായി അപലപിച്ച ഖത്തർ, ഇത് ബഹ്റൈന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വിശദീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും നല്ല അയൽപക്ക ബന്ധത്തിന്റെ നയങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. സംഘർഷങ്ങൾ കൂടുതൽ വഷളാകുന്നതും മേഖലയിലേക്ക് വ്യാപിക്കുന്നതും തടയാൻ ചർച്ചകൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകണം. ബഹ്റൈന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ആവർത്തിച്ചു.

