പ്രൗഢമായ കാഴ്ചകൾ, വർണ്ണാഭമായ വെടിക്കെട്ട്; ഖത്തർ ബോട്ട് ഷോക്ക് സമാപനം
text_fieldsദോഹ: പ്രൗഢമായ കാഴ്ചകളും വർണ്ണാഭമായ വെടിക്കെട്ടും ഡ്രോൺ ഷോയും ഒരുക്കി ഓൾഡ് ദോഹ പോർട്ടിൽ നാലു ദിവസം നീണ്ടുനിന്ന ഖത്തർ ബോട്ട് ഷോക്ക് സമാപനം. സൂപ്പർ യാട്ടുകളുടെ പ്രദർശനം, ബോട്ട് ലോഞ്ചുകൾ, വിവിധ വിനോദ പരിപാടികൾ എന്നിവയാൽ സമ്പന്നമായ മേളയിൽ 31,150 സന്ദർശകരാണ് എത്തിയത്. നിരവധി ബിസിനസ് പങ്കാളിത്തങ്ങൾക്കും ബോട്ട് ഷോ വേദിയായി. 2,77,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടന്ന പ്രദർശനത്തിൽ 546 പ്രമുഖ ബ്രാൻഡുകൾ പങ്കെടുത്തു. ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞ മേളയിൽ ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും അത്യാധുനിക സമുദ്ര സാങ്കേതികവിദ്യകളും സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.
ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിൽ 30 ശതമാനം വർധനവ് രേഖപ്പെടുത്തി. ആകെ പങ്കെടുത്തവരിൽ 55 ശതമാനം ഖത്തരി എക്സിബിറ്ററുകളും 45 ശതമാനം അന്താരാഷ്ട്ര സ്ഥാപനങ്ങളുമായിരുന്നു. കൂടാതെ, മുൻവർഷങ്ങളിൽ പങ്കെടുത്ത 70 ശതമാനം സ്ഥാപനങ്ങളും ഇത്തവണയും പങ്കാളികളായി. എമിറേറ്റ്സ് ബോട്ട് 63, അസിമുട്ടിന്റെ സീഡെക്ക് 6, സെവൻ ക്രാഫ്റ്റിന്റെ ഡ്യൂ മാരി, ഓഷ്യൻ ബോട്ട്സ് മോണോഹൾ 40 എസ്, അൽ ഷാലി മറൈന്റെ അസ്മാറാത്തി 77, അസ്മറാത്തി 100 തുടങ്ങിയ പ്രമുഖ ബോട്ടുകളുടെ ലോഞ്ചിങ്ങിന് മേള സാക്ഷ്യം വഹിച്ചു. ഖത്തരി ബോട്ട് നിർമാതാക്കളായ ഹാലുൽ ബോട്ട്സ് തങ്ങളുടെ ഏറ്റവും വലിയ 'ഹാലുൽ 62 എഫ്ടി' ബോട്ടും പുറത്തിറക്കി. ആഡംബര കുടുംബ യാത്രകൾക്കും സ്പോർട്സ് ഫിഷിങ്ങിനുമായി രൂപകൽപ്പന ചെയ്തതാണ് ഈ ബോട്ട്.
നിരവധി സുപ്രധാന കരാറുകളും മേളയിൽ ഒപ്പുവെച്ചു. ഓൾഡ് ദോഹ പോർട്ടിന്റെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനവും യൂസഫ് അഹമ്മദിന്റെ 'ഓഷർ ആർട്ട് എക്സിബിഷനും' മേളക്ക് മാറ്റുകൂട്ടി. ലൈവ് മ്യൂസിക്, വർണ്ണാഭമായ വെടിക്കെട്ട്, ഡ്രോൺ ഷോ തുടങ്ങി നാല് ദിവസത്തെ ആഘോഷങ്ങൾക്കാണ് ഓൾഡ് ദോഹ പോർട്ടിൽ തിരശ്ശീല വീണത്.

