ഖത്തർ ബോട്ട് ഷോക്ക് ആവേശത്തുടക്കം
text_fieldsബോട്ട് ഷോ ഉദ്ഘാടന പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിന്റെ തീരങ്ങളിൽ ഓളങ്ങളൊരുക്കി ആഡംബര നൗകകളുടെയും ചെറുവള്ളങ്ങളുടെയും നീരാട്ട്. ഓൾഡ് ദോഹ പോർട്ട് വേദിയാകുന്ന രണ്ടാമത് ഖത്തർ ബോട്ട് ഷോ ആരംഭിച്ചു.
ബുധനാഴ്ച തുടങ്ങിയ ബോട്ട് ഷോ ശനിയാഴ്ച വരെ നീണ്ടുനിൽക്കും. ദോഹയിലെ പ്രശസ്തമായ ഓൾഡ് ദോഹ പോർട്ട് വിനോദ സഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് ബോട്ട് ഷോ അരങ്ങേറുന്നത്.
രണ്ടാമത് ഖത്തർ ബോട്ട് ഷോ പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. 505 ആഗോള, പ്രാദേശിക ബ്രാൻഡുകൾ, 85 എക്സിബിറ്റർമാർ, 25 രാജ്യങ്ങളിൽനിന്നായി 65ഓളം യാച്ചുകൾ എന്നിവ പ്രദർശനത്തിൽ അണിനിരക്കുന്നുണ്ട്. എക്സിബിറ്റർമാരിൽ 50 ശതമാനത്തിലധികം പ്രാദേശിക, ഖത്തരി കമ്പനികളാണ്.
ഗൾഫ് ക്രാഫ്റ്റ്, ഫ്രേസർ യാച്ച്സ്, സൺസീക്കർ, സൺറീഫ് യാച്ച്സ്, ദോഹ ക്രാഫ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത അന്താരാഷ്ട്ര നിർമാതാക്കളുടെ യാച്ചുകളുടെയും ബോട്ടുകളുടെയും ശ്രദ്ധേയമായ ഒരുനിര തന്നെ ബോട്ട് ഷോയിൽ അണിനിരക്കുന്നു.
ലോകമെമ്പാടുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിക്കുന്നുവെന്ന സവിശേഷതയോടെയാണ് ബോട്ട് ഷോക്ക് വേദിയൊരുക്കുന്നത്. മേഖലയിലെ തന്നെ ബോട്ട്, കടൽ വിനോദ മേഖലക്ക് പുത്തനുണർവാകുമിത്. പ്രദേശിക, മിഡിൽഈസ്റ്റ്, അന്താരാഷ്ട്ര തലത്തിലെ ബ്രാൻഡുകളെല്ലാം മേളയുടെ ഭാഗമാവുന്നുണ്ട്. ഖത്തറിന്റെ സമ്പന്നമായ കടൽ സാംസ്കാരിക പൈതൃകത്തിന്റെ പ്രദർശനമായാണ് ബോട്ട് ഷോ അരങ്ങേറുന്നത്. സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാമെന്ന് സംഘാടകർ അറിയിച്ചു. സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും സജ്ജമാണ്.
കരകൗശല വൈവിധ്യവും അഭൂതപൂർവമായ രാജകീയ പ്രൗഢിയുമുള്ള ബോട്ടുകളുമായി ഓഷ്യാനിക് ഡിസ്പ്ലേ, വാട്ടർസ്പോർട്സ് മേഖലയിൽ വിവിധ ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, ജലധാര, ലൈവ് മ്യൂസിക്, ഡ്രാഗൻ ബോട്ട് ഷോ എന്നിവയും വിവിധ ദിവസങ്ങളിലായി അരങ്ങേറും.
സന്ദർശകർക്ക് ഫ്ലോട്ടിങ് കഫേകളിൽ നിന്ന് ശാന്തമായ കടൽതീര അന്തരീക്ഷത്തിൽ രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണി മുതൽ രാത്രി 10 വരെയും ശനിയാഴ്ച നാലുമണി മുതൽ രാത്രി ഒമ്പതുമണി വരെയുമാണ് ബോട്ട് ഷോയുടെ സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

