റെഡ് സീയിലേക്ക് ഖത്തർ എയർവേസ് വിമാന സർവിസ് ആരംഭിച്ചു
text_fieldsറെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിൽ ഖത്തർ എയർവേസ് ആദ്യ വിമാന സർവിസിനെ സ്വീകരിച്ചപ്പോൾ
ദോഹ: ദോഹ ഹമദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്ന് തബൂക്കിനടുത്ത് റെഡ് സീ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ച് ഖത്തർ എയർവേസ്. അബഹ, അൽ ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, റിയാദ്, തബൂക്ക്, ത്വാഇഫ്, യാംബു എന്നിവിടങ്ങളിലെ സർവിസുകൾക്ക് ശേഷം ഖത്തർ എയർവേസ് സർവിസ് നടത്തുന്ന സൗദി അറേബ്യയിലെ 12ാമത്തെ ലക്ഷ്യസ്ഥാനമാണിത്.
വ്യോമയാന ഗതാഗത മേഖലയിൽ ഖത്തർ എയർവേസിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും കൂടുതൽ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള എയർലൈനിന്റെ ശ്രമങ്ങളുടെ തുടർച്ചയാണിത്. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുള്ള യാത്രക്കാർക്ക് ദോഹ വഴി റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിലെത്താം. വിനോദസഞ്ചാരികൾക്കും സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും നിക്ഷേപകർക്കും സന്ദർശകർക്കുമെല്ലാം ചെങ്കടൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കും. ഖത്തർ എയർവേസ് ആഴ്ചയിൽ മൂന്ന് സർവിസുകളാണ് നടത്തുക.
റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്ത ഖത്തർ എയർവേസ് പ്രതിനിധിസംഘത്തെ റെഡ് സീ ഗ്ലോബൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോയും ആർ.എസ്.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആൻഡ്രൂ ടൈലർ സ്മിത്തും ചേർന്ന് സ്വീകരിച്ചു. ഖത്തർ എയർവേസ് എസ്.വി.പി ബിസിനസ് കൺട്രോൾ ആൻഡ് ഫിനാൻഷ്യൽ സപ്പോർട്ട് അബ്ദുല്ല അൽ മാൽക്കി, വി.പി സെയിൽസ് - മിഡിലീസ്റ്റ്, കോക്കസസ്, പാകിസ്താൻ ആൻഡ് ഐ.എസ്.സി കാർത്തിക് വിശ്വനാഥൻ, എയറോ പൊളിറ്റിക്കൽ ആൻഡ് റെഗുലേറ്ററി അഫയേസ് ഹെഡ് ശൈഖ് ജാസിം ബിൻ ഫഹദ് ആൽ ഥാനി എന്നിവർ സന്നിഹിതരായിരുന്നു.
ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിലേക്ക് പ്രവേശനം നൽകുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണിതെന്നും ഖത്തർ എയർവേസിനെ സ്വാഗതം ചെയ്യുന്നതായും ആർ.എസ്.ജി ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജോൺ പഗാനോ പറഞ്ഞു. ഖത്തർ എയർവേസുമായുള്ള ഈ പങ്കാളിത്തം ആഡംബരത്തിനും സുസ്ഥിരതക്കുമുള്ള ഒരു ആഗോള കേന്ദ്രമായി റെഡ് സീയെ സ്ഥാപിക്കുന്നതിൽ ഒരു നിർണായക ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

