ഇറാഖ്, ഇറാൻ സർവിസ് റദ്ദാക്കി ഖത്തർ എയർവേസ്
text_fieldsദോഹ: ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഖത്തർ എയർവേസിന്റെ ഇറാൻ, ഇറാഖ്, സിറിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി റദ്ദാക്കി. ഖത്തർ എയർവേസ് ‘എക്സ്’ പ്ലാറ്റ് ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഇമാം ഖുമൈനി എയർപോർട്ട്, മഷ്ഹദിലെ ശഹീദ് ഹാഷ്മിനെജാദ് വിമാനത്താവളം, ഷിറാസ് അന്താരാഷ്ട്ര വിമാനത്താവളം, ഇറാഖിലെ ബഗ്ദാദ് വിമാനത്താവളം, എർബിൽ, ബസറ, സുലൈമാനിയ, നജഫ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് വെള്ളിയാഴ്ച രാവിലെമുതൽ റദ്ദാക്കിയത്.
ഇതോടൊപ്പം സിറിയൻ തലസ്ഥാനമായ ഡമസ്കസിലേക്കുള്ള സർവിസും ഖത്തർ എയർവേസ് റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ ശനിയാഴ്ച വരെയാണ് സിറിയയിലേക്കുള്ള നിയന്ത്രണം. വെള്ളിയാഴ്ച പുലർച്ചയാണ് ഇറാനിലെ തെഹ്റാൻ ഉൾപ്പെടെ മേഖലകളിൽ ഇസ്രായേൽ ആക്രമണം നടന്നത്. ഇതിനു മറുപടിയായി ഇസ്രായേലിലേക്ക് ഇറാൻ ശക്തമായ ഡ്രോൺ ആക്രമണം കൂടി ആരംഭിച്ചതോടെയാണ് മേഖല വീണ്ടും സംഘർഷകേന്ദ്രമായി മാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.