'ഓപ്പറേഷൻ തൂഫാൻ': ഐക്യദാർഢ്യവുമായി ഇൻകാസ് ഖത്തർ അലപ്പുഴ ജില്ലാ കമ്മിറ്റി
text_fieldsഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട് ക്യാമ്പയിന് ഐക്യദാർഢ്യവുമായി ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ലഹരിക്കെതിരെ കേരള സർക്കാർ തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ– ദി നാർക്കോ ഹണ്ട് ക്യാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ബോധവത്കരണ സംഗമം നടത്തി. സംഗമം കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും, യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഷാദ് മോഹൻ അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓൺലൈൻ വിഡിയോ സന്ദേശത്തിലൂടെ പരിപാടിയെ അഭിനന്ദിച്ചു.
പാലാ ഡിവൈ.എസ്.പി സദൻ കുട്ടൻ ലഹരിവിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രസാദ് ബോധവത്കരണ ക്ലാസ് നയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോക്ടർമാരായ ഡോ. ജോയൽ മാത്യു, ഡോ. അൻവർ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.എം. ഹാഷിർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷറഫ് വടകര, ജനറൽ സെക്രട്ടറി കെ.വി. ബോബൻ എന്നിവർ സംസാരിച്ചു.
പ്രശസ്ത ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും ജില്ലാ ചീഫ് പേട്രൺ ചാൾസ് ചെറിയാൻ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്രഹാം കെ. ജോസഫ്, ബി.എം. ഫാസിൽ, ബി.എം ഹാഷിം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

