എം.എസ്.വി.എഫ് അവാർഡ്; മികച്ച ഗാനരചനക്കുള്ള സ്പെഷൽ ജൂറി പുരസ്കാരം ഷംല ജഹ്ഫറിന്
text_fieldsഷംല ജഹ്ഫർ
ദോഹ: മലബാർ സൗഹൃദവേദി കോഴിക്കോട് സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ആൻഡ് മ്യൂസിക് ആൽബം ഫെസ്റ്റിവൽ 2026 ലെ മികച്ച ഗാനരചനക്കുള്ള സ്പെഷൽ ജൂറി പുരസ്കാരത്തിന് ഷംല ജഹ്ഫർ അർഹയായി. 'ഊർമി' എന്ന മ്യൂസിക് ആൽബത്തിലെ മനോഹരമായ വരികളാണ് ഷംലയെ മ്യൂസിക് ആൽബം ജനറൽ വിഭാഗത്തിൽ ഈ നേട്ടത്തിന് അർഹയാക്കിയത്. ഗാനരചനയിലെ സവിശേഷമായ കലാമൂല്യവും വരികളുടെ ആഴവും പരിഗണിച്ചാണ് ജൂറി പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചത്.
ദോഹയിലെ സാംസ്കാരിക -സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഷംല ജഹ്ഫർ, 'കടന്നലുകൾ പെരുകും വിധം' എന്ന കവിതാസമാഹാരത്തിലൂടെയും നിരവധി ശ്രദ്ധേയമായ രചനകളിലൂടെയും മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയയാണ്. ഷഹീബ് ഷെബി ഈണം കൊടുത്ത്, പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ ആലപിച്ച 'ഊർമി' എന്ന ആൽബത്തിലെ ഗാനം ഇതിനോടകം സംഗീതാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുൻപും നിരവധി പ്രമുഖ മാധ്യമങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ഷംലയുടെ രചനകൾ വായനക്കാരുടെ പ്രശംസ നേടിയിട്ടുണ്ട്.
കലാരംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി മലബാർ സൗഹൃദവേദി വർഷംതോറും നടത്തിവരാറുള്ള അന്താരാഷ്ട്ര ഫെസ്റ്റിവലിൽ ലഭിച്ച പുരസ്കാരം തന്റെ സർഗ്ഗാത്മക യാത്രയിൽ വലിയ പ്രചോദനമാണെന്ന് ഷംല ജഹ്ഫർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

