മഹ്മൂദ് മാട്ടൂലിന് കെ.തായാട്ട് ബാലസാഹിത്യ പുരസ്കാരം
text_fieldsമഹ്മൂദ് മാട്ടൂല്‍
ദോഹ: എഴുത്തുകാരനും കോളമിസ്റ്റും ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവുമായ മഹ്മൂദ് മാട്ടൂലിന് കെ.തായാട്ട് ബാലസാഹിത്യ പുരസ്കാരം. നാല്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഹരിതം ബുക്സ് സാരഥി പ്രതാപന് തായാട്ട്, തിരക്കഥാകൃത്ത് റോബിന് തിരുമല, സാദിഖ് കാവില്‍, ടോണി ചിറ്റേട്ടുകളം എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 'മക്കിയും കുക്കിയും' എന്ന കൃതിക്കാണ് പുരസ്കാരം. ഗള്‍ഫ് രാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ വായ്മൊഴിയായും വരമൊഴിയായും പലയിടത്തും പല രീതിയില്‍ പറയപ്പെടുന്ന നാടോടിക്കഥകളില്‍നിന്ന് തിരഞ്ഞെടുത്ത 28 കഥകളുടെ ഏറ്റവും പുതിയ സമാഹാരമാണിത്.
ദിനപത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുന്ന മഹ്മൂദ് മാട്ടൂല്‍ ഖത്തറില്‍ ഗ്ലോബല്‍ ഷിപ്പിങ് സര്‍വിസ് മാനേജറാണ്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയാണ്. തടവറയുടെ തോറ്റങ്ങള്‍, ബഹദൂര്‍ സൗദി അറേബ്യയില്‍, ജൂഹ കഥകള്‍, അരലഡു, ഖലീഫ കഥകള്‍, വീണ്ടും വിരിയുന്ന പൂക്കള്‍, വിഷം പുരട്ടിയ വിഗ്രഹങ്ങള്‍, പറക്കുന്ന പശു, രാജാവിനേക്കാള്‍ ബുദ്ധിമാന്, മുയലും കൂട്ടുകാരും, ചുണ്ടെലി റാണി, മാവിയുടെ സാഹസിക യാത്ര, സത്യസന്ധനായ രത്നവ്യാപാരി എന്നിവയുള്‍പ്പെടെ നോവലും കഥകളുമായി പതിനഞ്ചു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശത്രുഘ്നന്‍, എന്‍.പി. ചന്ദ്രശേഖരന്, ടോണി ചിറ്റേട്ടുകളം, എസ്.കമറുദ്ദീന്, രേഖ ആര്. താങ്കള്‍, സത്യന് താന്നിപ്പുഴ, വി.എസ്. കൃഷ്ണരാജ് എന്നിവര്‍ക്കാണ് മറ്റു കെ.തായാട്ട് പുരസ്കാരങ്ങള്‍.