2026ലെ ഉപഭോക്തൃ സംതൃപ്തി സർവേക്ക് തുടക്കം കുറിച്ച് ‘കഹ്റമാ’
text_fieldsദോഹ: ഖത്തറിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമാ) 2026-ലെ ഉപഭോക്തൃ സംതൃപ്തി സർവേ ആരംഭിച്ചു. സേവനങ്ങളിൽ മികച്ച നിലവാരം ഉറപ്പുവരുത്തുകയാണ് ഈ സംരംഭത്തിലൂടെ കഹ്റമാ ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ നവംബർ വരെ നീളുന്നതാണ് ഈ സർവേ. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനും, മാറിവരുന്ന അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന മാർഗമായാണ് കഹ്റമാ ഇതിനെ കാണുന്നത്. സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ വിശ്വാസം അളക്കുന്നതിനും, കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയുന്നതിനും സർവേ സഹായിക്കും.
നീൽസൺ കൺസൾട്ടൻസി വഴിയാണ് സർവേ നടത്തുന്നത്. റസിഡൻഷ്യൽ, കൊമേഴ്സ്യൽ, കോർപറേറ്റ്, വ്യാവസായിക ഉപഭോക്താക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കെട്ടിട നിർമാണാനുമതിയും സേവന കണക്ഷനുകളും ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ലൈസൻസുള്ള ഇലക്ട്രിക്കൽ കൺസൾട്ടന്റുമാരുടെയും കരാറുകാരുടെയും അഭിപ്രായങ്ങളും ഇതിനായി തേടുന്നുണ്ട്.
കഹ്റമായുടെ പദ്ധതികളെയും തന്ത്രങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഉപഭോക്തൃ സംതൃപ്തി സർവേക്ക് വലിയ പങ്കുണ്ടെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ദിയ സാദ് അൽ നൈമി പറഞ്ഞു. ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, കോൾ സെന്ററുകൾ, ഡിജിറ്റൽ ചാനലുകൾ എന്നിവ വഴി നൽകുന്ന സേവനങ്ങളുടെ നിലവാരം കൃത്യമായി മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

