‘ഐ.സി.ബി.എഫ് കൂടുതൽ പേരിലേക്ക്’
text_fieldsഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
ദോഹ: ഖത്തറിൽ സജീവമായി പ്രവർത്തിക്കുന്ന കേരള ബിസിനസ് ഫോറം പ്രസിഡന്റ് എന്ന നിലയിൽ ജനകീയ മുഖവുമായാണ് തൃശൂർ കയ്പമംഗലം സ്വദേശി ഷാനവാസ് ബാവ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) അധ്യക്ഷ പദവിയിലെത്തുന്നത്.
തൊഴിലാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ വലിയ ആശ്രയമായ എംബസി അപെക്സ് ബോഡിയെന്ന നിലയിൽ ഏറെ സാമൂഹിക ഉത്തരവാദിത്തങ്ങളോടെയാവും പുതിയ ഭരണസമിതി പ്രവർത്തനം ആരംഭിക്കുകയെന്ന് നിയുക്ത പ്രസിഡന്റ് ഷാനവാസ് ബാവ പറയുന്നു. സാധാരണക്കാരായ പ്രവാസികളിലേക്ക് ഇറങ്ങിച്ചെന്നാണ് ഐ.സി.ബി.എഫ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ ലക്ഷ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. അതിന് നൂതന മാർഗങ്ങൾ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇദ്ദേഹം പറയുന്നു.
ദോഹയിലുള്ള വ്യക്തികളാണ് പലപ്പോഴും ഐ.സി.ബി.എഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോറത്തിന്റെ സേവനങ്ങൾ ഇൻഡസ്ട്രിയൽ ഏരിയയും റാസ് ലഫാനും ഉൾപ്പെടെ രാജ്യത്തിന്റെ വിദൂര ദിക്കിലെ പ്രവാസികളിലെത്തിക്കുന്നതിന് പ്രാദേശികമോ സബ് കമ്മിറ്റികളോ ആയി പ്രവർത്തനം ക്രോഡീകരിക്കണമെന്ന് ആഗ്രഹമുണ്ട്.
നിലവിൽ ദൂരദിക്കിൽനിന്നും ആവശ്യം സംബന്ധിച്ച് വിളിയെത്തുമ്പോൾ ദോഹയിൽ നിന്നുള്ളവർ തന്നെ അവിടെയെത്തി പരിഹാരം കാണുകയാണ് ചെയ്യുന്നത്. പ്രാദേശികമായി സഹകരിക്കുന്ന വ്യക്തികളോ മറ്റോ ലഭ്യമാവുമ്പോൾ പ്രവർത്തനം കൂടുതൽ ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷയുണ്ട്.
ഐ.സി.ബി.എഫിന്റെ ഇൻഷുറൻസ് പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിക്കുന്നത്. െക്ലയിം നേടുന്നവരും കൂടുന്നുണ്ട്. ഭാവിയിൽ സുഗമമായി മുന്നോട്ട് പോവുന്നതിനായി ഇൻഷുറൻസ് കൂടുതൽ പേരിലെത്തിക്കണം. ഇതിനു പുറമെ, എംബസിയുമായി ചേർന്നുള്ള ഐ.സി.ബി.എഫിന്റെ മറ്റൊരു പദ്ധതിയായ കോൺസുലാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആലോചനയുണ്ട്.
പരിചയസമ്പന്നരായ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായി ചേർന്ന് പ്രവാസി സമൂഹത്തിന് ഗുണകരമായ പദ്ധതികൾ ആസൂത്രണം ചെയ്യും -ഷാനവാസ് ബാവ പറഞ്ഞു. കെ.ബി.എഫ് പ്രസിഡന്റ്, ഖിയ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച ഷാനവാസ് ബാവ ചാർട്ടേഡ് അക്കൗണ്ടന്റാണ്. സൻസയാണ് ഭാര്യ. ഹന്ന ഫാത്തിമ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

