ഇന്ത്യൻ കാർണിവലിന് തുടക്കം
text_fieldsഐഡിയൽ സ്കൂളിൽ വ്യാഴാഴ്ച ആരംഭിച്ച ഐ.സി.സി കാർണിവലിൽനിന്ന് ചിത്രം: ബാബു കോഴിക്കോട്
ദോഹ: ഖത്തറിലെ പ്രവാസികൾക്ക് പാട്ടും നൃത്തവും ആഘോഷങ്ങളും പകർന്നുകൊണ്ട് ഐ.സി.സി കാർണിവലിന് തുടക്കം. ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് രണ്ടു ദിവസത്തെ ആഘോഷമായി കാർണിവൽ അരങ്ങേറുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിന് വിവിധ കലാപരിപാടികളോടെയായിരുന്നു തുടക്കം കുറിച്ചത്.
ഇന്ത്യൻ കൾചറൽ സെന്ററിനു കീഴിലെ വിവിധ അസോസിയേറ്റഡ് സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ, നൃത്ത-കലാ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവർ അണിനിരന്ന് വൈവിധ്യമാർന്ന പരിപാടികൾ വേദിയിലെത്തിച്ചു. ഐഡിയൽ സ്കൂളിലെ കാർണിവൽ വേദിയെ ആകർഷകമാക്കി 65ഓളം സ്റ്റാളുകളും സജീവമാണ്.
വിവിധ സേവനങ്ങൾ മുതൽ, കരകൗശല, വസ്ത്ര പ്രദർശനം, വിപണനം, ഭക്ഷ്യ മേള സ്റ്റാളുകൾ എന്നിവയോടെയാണ് പവലിയനുകൾ സജ്ജമാക്കിയത്.
വ്യാഴാഴ്ച രാത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉൾപ്പെടെ ഭാരവാഹികൾ പങ്കെടുത്തു. രണ്ടാം ദിനമായ വെള്ളിയാഴ്ച രാത്രി 7.30ന് അംബാസഡർ കാർണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് അഞ്ചിന് കലാപരിപാടികൾ ആരംഭിക്കും. രാത്രി എട്ടിനാണ് അനുപ് ശങ്കറിന്റെ നേതൃത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.