റമദാൻ അവസാന ദിനങ്ങളിൽ; ആരാധനകളിൽ മുഴുകി വിശ്വാസികൾ
text_fieldsദോഹ: റമദാൻ അവസാനത്തിലേക്ക് കടന്നതോടെ കൂടുതൽ ആരാധനകളിൽ മുഴുകി വിശ്വാസികൾ. അവസാന പത്ത് ദിവസങ്ങൾ പ്രാർഥനയിലും രാത്രി നമസ്കാരങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയ സൽക്കർമ്മങ്ങളിലൂടെയും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
കൂടുതലായി പ്രവാചകചര്യ പിന്തുടരാനും രാത്രികളിൽ ഇഅ്തികാഫ് ഇരിക്കുവാനും കുടുംബത്തെ ഒപ്പം ചേർക്കുവാനും മന്ത്രാലയം ഓർമപ്പെടുത്തി. കർമങ്ങൾക്ക് ആയിരം മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നത് ഈ ദിവസങ്ങളിലാണ്. ആരാധനകളിലും സൽക്കർമങ്ങളിലും കൂടുതൽ മുഴുകി ദൈവപ്രീതിക്കായി വിശ്വാസികൾ പരസ്പരം മത്സരിക്കുന്ന ദിവസങ്ങൾ കൂടിയാണിത്.
അവസാന പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് ഇരിക്കുന്നതിനായി രാജ്യവ്യാപകമായി 202 പള്ളികൾ ഔഖാഫ് മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ഇഅ്തികാഫ് ഇരിക്കാൻ അനുവാദം നൽകുന്നത്. എട്ടു വയസ്സിനു മുകളിലുള്ളവർക്ക് മാതാപിതാക്കളുടെ കൂടെയും ഇഅ്തികാഫ് ഇരിക്കാം.
വിശ്വാസികൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും പള്ളിയുടെ സ്വത്തുക്കൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് നിരീക്ഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്, പള്ളികളിൽ സ്ത്രീകൾക്ക് ഇഅ്തികാഫ് ഇരിക്കാൻ അനുവാദമില്ലെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

