പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി
text_fieldsദോഹ: ഖത്തറിന് പൂർണ ഐക്യദാർഢ്യവും, ജനങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി രാജ്യങ്ങൾ.റഷ്യൻ നഗരമായ സോച്ചിയിൽ നടന്ന ജി.സി.സിയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സംഭാഷണത്തിന്റെ എട്ടാമത് സംയുക്ത മന്ത്രിതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രിയും ഗൾഫ് മന്ത്രിതല കൗൺസിലിന്റെ നിലവിലെ സെഷന്റെ ചെയർമാനുമായ അബ്ദുല്ല അൽ യഹ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മേഖലയിലെ ജനങ്ങൾ സുരക്ഷയും സ്ഥിരതയും പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഖത്തറിനെതിരെ ഇസ്രായേൽ ആക്രമണം. ഏതൊരു ജി.സി.സി രാജ്യത്തിനുമെതിരായ ആക്രമണം, എല്ലാ ജി.സി.സി രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുന്നു.
ഫലസ്തീൻ പ്രശ്നം പ്രധാന മുൻഗണനകളിൽ ഒന്നാണ്. കാരണം, അത് മുഴുവൻ മേഖലയുടെയും സ്ഥിരതക്കുള്ള താക്കോലാണ്. ഇസ്രായേൽ അധിനിവേശവും ആക്രമണവും അവസാനിപ്പിച്ച്, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ പ്രശ്നത്തിൽ സമാധാനമോ ശാശ്വത സ്ഥിരതയോ ഉണ്ടാകില്ലെന്നും അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
ഗസ്സയിൽ സംഘർഷം അവസാനിപ്പിക്കൽ, സ്ഥിരം വെടിനിർത്തൽ എന്നിവയിൽ റഷ്യയുടെ നിലപാടിനെ മന്ത്രി അൽ യഹ്യ പ്രശംസിച്ചു. ഗസ്സയിലെ സാധാരണക്കാർക്കെതിരെ ഇസ്രായേൽ നടത്തുന്ന പട്ടിണി, അടിച്ചമർത്തൽ, കുടിയിറക്കൽ നയത്തെ അബ്ദുല്ല അൽ യഹ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. അഭൂതപൂർവമായ മാനുഷിക ദുരന്തം നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

