Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമാകുന്ന എൽനിനോ പ്രതിഭാസത്തെ കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ

text_fields
bookmark_border
പസഫിക് സമുദ്രത്തിലെ താപനിലയിൽ വരുന്ന മാറ്റങ്ങൾ കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും- പ്രഫ. ഡോ. അൽ യാഫി
ശക്തമാകുന്ന എൽനിനോ പ്രതിഭാസത്തെ കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ
cancel

ദോഹ: പസഫിക് സമുദ്രത്തിലെ താപനിലയിൽ വരുന്ന മാറ്റങ്ങൾ കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഖത്തർ സർവകലാശാലയിലെ മറൈൻ എൻവയേൺമെന്റ് പ്രഫ. ഡോ. അൽ യാഫി വ്യക്തമാക്കി. ആഗോളതാപനം മൂലമുണ്ടാകുന്ന താപനിലയിലെ വർധന സമുദ്രോപരിതലത്തെ, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക് സമുദ്രത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് സമുദ്ര ഉപരിതല ജലത്തിന്റെ താപനില ഉയർത്തുന്നതിനും, തുടർന്ന് സീസണൽ കാറ്റുകൾ വഴി ഈ ചൂടുവെള്ളം കരയിലേക്ക് എത്തുന്നതിനും കാരണമാകുന്നു. ഇതാണ് യൂറോപ്പിലെ അസാധാരണമായ ഉഷ്ണതരംഗങ്ങൾക്കും, ചിലയിടങ്ങളിൽ കനത്ത മഴക്കും പ്രളയത്തിനും, മറ്റു ചിലയിടങ്ങളിൽ അതിരൂക്ഷമായ വരൾച്ചക്കും വഴിയൊരുക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാൾ 60 ശതമാനത്തിലധികം ശക്തിയോടെ എൽനിനോ തുടരാനും 2027ന്റെ തുടക്കം വരെ നീളാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള താപനില ഉയരുന്നതും ദീർഘകാലം നീളുന്ന ഉഷ്ണതരംഗങ്ങളും മരണനിരക്ക് വർധിക്കുന്നതിലേക്ക് നയിക്കും. വരൾച്ച കാട്ടുതീക്കും, അതുവഴി വായു മലിനീകരണത്തിനും കാരണമാകുന്നു. കാർഷിക ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് ഭക്ഷ്യവില വർധനക്ക് കാരണമാകും.

സമുദ്ര പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം, താപനില 32 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ പവിഴപ്പുറ്റുകൾ നശിച്ചുപോകും. 2050-ഓടെ പവിഴപ്പുറ്റുകൾ പൂർണമായും അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മത്സ്യങ്ങളുടെ വളർച്ചക്കും അവയുടെ ഭക്ഷ്യശൃംഖല തകരാറിലാകുന്നതിനും വഴിവെക്കും. ദുരന്തങ്ങൾ ഉണ്ടായ ശേഷം പ്രതികരിക്കുന്നതിന് പകരം മുൻകരുതൽ നടപടികളാണ് ആവശ്യമെന്ന് ഡോ. അൽ യാഫി ഊന്നിപ്പറഞ്ഞു.

വരൾച്ചയെ അതിജീവിക്കുന്ന വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യുക, വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ കൃത്യസമയത്ത് ജനങ്ങളെ ഒഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭയും ദാതാക്കളായ രാജ്യങ്ങളും തമ്മിൽ ഏകോപനം ആവശ്യമാണ്. ഹീറ്റ് വേവുകൾക്കും പ്രളയങ്ങൾക്കും വരൾച്ചക്കും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സജ്ജമാക്കുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Experts warn of a strengthening El Nino phenomenon
Next Story