അൽ സുഡാൻ ബസ് സ്റ്റേഷനിൽ പ്രതിദിനം എത്തുന്നത് 1,750 യാത്രക്കാർ
text_fieldsഅൽ സുഡാൻ ബസ് സ്റ്റേഷൻ
ദോഹ: തന്ത്രപ്രധാന മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ സുഡാൻ ബസ് സ്റ്റേഷനിൽ പ്രതിദിനം എത്തുന്നത് 1,750 യാത്രക്കാർ. ഓരോ മണിക്കൂറിലും 22 ബസുകളാണ് ഇവിടെനിന്നും പുറപ്പെടുന്നത്. സുഡാൻ മെട്രോ സ്റ്റേഷന് സമീപവും അൽസദ്ദ് സ്പോർട്സ് ക്ലബിന് തെക്കുഭാഗത്തായുമാണ് അൽ സുഡാൻ ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ആസ്പയർ സോൺ, വില്ലാജിയോ മാൾ, ടോർച്ച് ടവർ എന്നിവ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തായുണ്ട്. 65,216 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ സുഡാൻ ബസ് സ്റ്റേഷനിൽ മണിക്കൂറിൽ 22 ബസുകൾ ഓടിക്കാൻ കഴിയുന്ന ഏഴ് ബസ് ബേകളുണ്ട്. മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും എത്തിച്ചേരാനാകുന്നവ ഉൾപ്പെടെ പ്രതിദിനം നാലു റൂട്ടുകളിലായി ഏഴ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെനിന്നും സർവിസുകൾ നടത്തുന്നു.
പബ്ലിക്ക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായി 2021 നവംബറിലാണ് ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. പൊതുഗതാഗത ബസുകൾ, ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവ ഉൾപ്പെടുന്ന യോജിച്ച സംവിധാനത്തിലൂടെ എല്ലാ നഗരപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന പൊതുഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിന്റെ ഭാഗമായായിരുന്നു അത്.
അൽ സുഡാൻ, മഷീരിബ്, അൽ ഗരാഫ, ലുസൈൽ, അൽ വക്റ, എജുക്കേഷൻ സിറ്റി, ഇൻഡസ്ട്രിയൽ ഏരിയ, വെസ്റ്റ് ബേ സെൻട്രൽ എന്നിവിടങ്ങളിലെ എട്ട് ബസ് സ്റ്റേഷനുകളും ലുസൈൽ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്റ, അൽ റയ്യാൻ എന്നിവിടങ്ങളിലെ നാല് ബസ് ഡിപ്പോകളും പബ്ലിക്ക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിൽ ഉൾപ്പെടുന്നുവെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇ-ബസ് ഓപറേഷനുകൾക്കായുള്ള 650ലധികം ചാർജിങ് സ്റ്റേഷനുകൾ ഈ സൗകര്യങ്ങളെ പിന്തുണക്കുന്നുണ്ട്.
അൽ ഖസ്സർ, അൽ വക്റ, ലുസൈൽ, എജുക്കേഷൻ സിറ്റി എന്നിവിടങ്ങളിലെ നാല് പാർക്ക് ആൻഡ് റൈഡ് പാർക്കിങ് ലൊക്കേഷനുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ദോഹ നഗരത്തിനകത്തും പുറത്തുമായി ലോക നിലവാരത്തിനും സാങ്കേതികവിദ്യക്കും അനുസൃതമായി രൂപകൽപന ചെയ്ത 2,300ലധികം ബസ് സ്റ്റോപ്പുകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള നയങ്ങളുടെ ഭാഗമായി അൽ സുഡാൻ ബസ് സ്റ്റേഷനിൽ ഇലക്ട്രിക് ചാർജിങ് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്റ്റിമൽ ഓപറേഷന് ആവശ്യമായ ഇലക്ട്രിക് ചാർജിങ് ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.