മുളക് ചിക്കൻ ക്രിസ്പി വിരുന്ന്
text_fieldsഇഫ്താർ മേശയെ കൂടുതൽ മനോഹരമാക്കുന്ന മുളക് സ്പെഷൽ സ്റ്റഫ്ഡ് ഭജി മുളക് ചിക്കൻ തയാറാക്കിയാലോ... വീടുകളിൽ ലഭ്യമാവുന്ന ചേരുവകൾകൊണ്ട് എളുപ്പം ഉണ്ടാക്കാൻ പറ്റിയ വിഭവമാണിത്.
ചേരുവകൾ
- 100 ഗ്രാം ബോൺലെസ് ചിക്കൻ (ചെറിയ കഷണം)
- ഒരു വലിയ ഭജി മുളക്
- ഒരു ക്യാപ്സിക്കം (നുറുക്കിയത്)
- ഒരു മീഡിയം ഉള്ളി (നുറുക്കിയത്)
- രണ്ട് വെളുത്തുള്ളി അല്ലി (അരിഞ്ഞത്/ചതച്ചത്)
- ഒരു ടേബിൾസ്പൂൺ ടൊമാറ്റോ സോസ്
- ഒരു ടീസ്പൂൺ ചില്ലി സോസ്
- ഒരു ടീസ്പൂൺ കസ്തൂരിമേത്തി (ചതച്ചത്)
- ഉപ്പ് -ആവശ്യത്തിന്
- മുളകുപൊടി -ആവശ്യത്തിന്
- ഒരു ടീസ്പൂൺ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്
- ഒരു മുട്ട (അടിച്ചത്)
- ബ്രെഡ് ക്രംബ്സ് -കോറ്റിംഗിന്
- എണ്ണ -വറുക്കാൻ
- പുളി വെള്ളം-മുളക് മുക്കാൻ
തയാറാക്കുന്ന വിധം
ചിക്കൻ മസാല തയാറാക്കൽ: ചിക്കനിൽ ഉപ്പ്, മുളകുപൊടി, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ചെറുതായി ഫ്രൈ ചെയ്ത് പാകം ചെയ്യുക. വെളുത്തുള്ളിയും ഉള്ളിയും ചേർത്ത് വഴറ്റുക. ക്യാപ്സിക്കം ചേർത്ത് അല്പം മാത്രം വഴറ്റുക (കുറച്ച് ക്രഞ്ചി ആയിരിക്കണം). തുടർന്ന് ടൊമാറ്റോ സോസ്, ചില്ലി സോസ് ചേർക്കുക. ശേഷം കസ്തൂരിമേത്തി പൊടിച്ച് ചേർക്കാം. കട്ടിയായ ചില്ലി ചിക്കൻ മസാല പോലെ ആകുന്നതുവരെ ഇവ വേവിക്കാം. പിന്നീട് തണുപ്പിക്കാൻ വെക്കുക.
ഭജി മുളക് തയാറാക്കൽ: ഭജി മുളക് നീളത്തിൽ മുറിച്ച് ഉള്ളിലെ വിത്തുകൾ നീക്കംചെയ്യുക. 10 മുതൽ 15 മിനിറ്റ് പുളി വെള്ളത്തിൽ മുക്കിവെക്കുക (കാരം കുറക്കാൻ). ശേഷം നന്നായി തുടച്ച് ഉണക്കുക.
സ്റ്റഫിങ്ങും വറുത്തെടുക്കലും: തയാറാക്കിയ ചിക്കൻ മസാല മുളകിനുള്ളിൽ നിറക്കുക. അടിച്ച മുട്ടയിൽ മുക്കിയശേഷം ബ്രെഡ് ക്രംബ്സിൽ നന്നായി കോട്ട് ചെയ്യുക. മിതമായ ചൂടിലുള്ള എണ്ണയിൽ ഗോൾഡൻ നിറം വരുന്നതുവരെ വറുത്തെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

