ജല, വൈദ്യുതി ഉൽപാദനത്തിൽ പുത്തൻ ചുവടുവെപ്പ്
text_fieldsകഹ്റാമയുടെ റാസ് ബു ഫന്താസ് ജല, വൈദ്യുതി ഉൽപാദന പദ്ധതിയുടെ നിർമാണ കരാറിൽ ഒപ്പുവെച്ചപ്പോൾ പ്രതിനിധികൾ ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബിക്കൊപ്പം
ദോഹ: ഖത്തറിന്റെ ജല, വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി റാസ് ബു ഫന്താസ് ഇലക്ട്രിസിറ്റി-വാട്ടർ ഫെസിലിറ്റി നിർമാണ കരാറിൽ പൊതുജലവൈദ്യുതി വിഭാഗമായ കഹ്റാമ ഒപ്പുവെച്ചു.
പ്രതിദിനം 110 മില്യൺ ഗാലൺ വെള്ളവും 2400 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പുതിയ പവർ പ്ലാന്റാണ് റാസ് ബു ഫൊന്റാസിൽ വരാൻ പോകുന്നത്. ഇതു സംബന്ധിച്ച നിർമാണ കരാറിൽ ഖത്തർ എനർജി, കഹ്റാമ, ക്യു.പി.എസ്.സി, സുമിറ്റോമോ കോർപറേഷൻ എന്നിവർ ഒപ്പുവെച്ചു. 13.5 ബില്യൺ ഖത്തരി റിയാലാണ് പദ്ധതിയുടെ നിർമാണ ചെലവ്. രാജ്യത്തിന്റെ വൈദ്യുതി,ജല ഉൽപാദനം ഗണ്യമായ രീതിയിൽ വർധിപ്പിക്കാൻ കഴിയുന്നതാണ് പുതിയ പദ്ധതി.
മൂന്ന് ഘട്ടങ്ങളിലായി കമീഷനിങ് ചെയ്യുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 2028 ഏപ്രിൽ 25ഓടെ 836 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാക്കും വിധം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. ജല ഉൽപാദനത്തിന്റെ ആദ്യ ഘട്ടം 2028 ആഗസ്റ്റ് ഒന്നോടെയും സാധ്യമാകും. 110 ദശലക്ഷം ഗാലൺ വെള്ളമാണ് പ്രാഥമിക ഘട്ടത്തിലെ ശേഷി. 2029 ജൂൺ ആദ്യത്തോടെ വൈദ്യുതി ഉൽപാദനം 2400 മെഗാവാട്ടിലേക്ക് ഉയർത്തി പൂർണശേഷി കൈവരിക്കുമെന്നും കഹ്റാമ അറിയിച്ചു. ഖത്തറിന്റെ മൊത്തം വൈദ്യുതിയുടെ ഏകദേശം 23 ശതമാനവും ജല ഉത്പാദനത്തിന്റെ 20 ശതമാനവവും റാസ് ബു ഫന്താസ് ഫെസിലിറ്റി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ ഊർജ സഹമന്ത്രിയും സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, കഹ്റാമ പ്രസിഡന്റ് അബ്ദുല്ല ബിൻ അലി അൽ തിയാബ, ഖത്തർ വാട്ടർ ആന്റ് ഇലക്ട്രിസിറ്റി കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മുഹമ്മദ് നാസർ അൽ ഹാജിരി ഉൾപ്പെടെ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ ദ്രുതഗതിയിലുള്ള ജനസംഖ്യ, സാമ്പത്തിക വളർച്ച കാരണം വൈദ്യുതിക്കും വെള്ളത്തിനും വർധിച്ചുവരുന്ന ആവശ്യത്തിന് പരിഹാരം കാണുന്നതിൽ നിർണായകമായാണ് റാസ് ബു ഫന്താസ് പദ്ധതി. ദേശീയ ഗ്രിഡിന്റെ കാര്യക്ഷമത വർധിപ്പിക്കാനും പുനരുപയോഗ ഊർജത്തെ സംയോജിപ്പിച്ച് പ്രവർത്തിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ ജല, വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിൽ നിർണായകമാണ് പുതിയ പദ്ധതിയെന്ന് മന്ത്രി സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.
ഭാവിതലമുറക്ക് സുസ്ഥിര മാർഗങ്ങളിലൂടെയുള്ള ഊർജ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ്, ഖത്തർ ദേശീയ വിഷൻ 2030, മൂന്നാം ദേശീയ സ്ട്രാറ്റജി എന്നിവയുടെ അനുബന്ധമായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കാർബൺ ബഹിർഗമനം കുറച്ചും, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയും ജല-വൈദ്യുതി ഉൽപാദനം വർധിപ്പിക്കുയാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

