സി.ഇ.ഒയുടെ തുറന്ന കത്ത്; ഖത്തർ എയർവേസിൽ വിശ്വാസമർപ്പിച്ച യാത്രക്കാർക്ക് നന്ദി
text_fieldsദോഹ: അൽ ഉദൈദ് വ്യോമതാവളത്തിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് വിമാനം റദ്ദാക്കിയ സാഹചര്യത്തിൽ, എയർവേസിലുള്ള വിശ്വാസം നിലനിർത്തുകയും ക്ഷമയും കാണിച്ച യാത്രക്കാരോട് നന്ദി പറഞ്ഞ് ഖത്തർ എയർവേസ് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ മീർ. കഴിഞ്ഞദിവസം അദ്ദേഹമെഴുതിയ തുറന്ന കത്തിലാണ് യാത്രക്കാർക്ക് നന്ദി പറയുന്നത്. നിർണായക സമയത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച എയർവേസ് ഗ്രൂപ് ടീം അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. യാത്രക്കാർക്കായി സേവനം തുടരണമെന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ, ആക്രമണത്തെ തുടർന്ന് വ്യോമപാത താൽക്കാലികമായി അടക്കേണ്ടി വന്നു.
തുടർന്നുണ്ടായ സാഹചര്യങ്ങളും പ്രതിസന്ധികളും നേരിടാൻ രാപ്പകൽ ഇടവേളയില്ലാതെ നടത്തിയ ശ്രമങ്ങൾ, ഖത്തർ എയർവേസിൽ വിശ്വാസമർപ്പിച്ചവരെ കാത്തുസൂക്ഷിക്കുന്നതായിരുന്നു. യാത്രക്കാർക്ക് ഭക്ഷണം, കുടിവെള്ളം, കംഫർട്ട് കിറ്റുകൾ, താമസം തുടങ്ങി സാന്ത്വന വാക്കുകളുമായും എയർവേസ് അധികൃതർ യാത്രക്കാർക്കൊപ്പംനിന്നു.
കത്തിലെ പ്രധാനഭാഗങ്ങൾ :-
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ അപ്രതീക്ഷിതമായി ഖത്തറിന്റെ വ്യോമാതിർത്തി അടച്ചതുകാരണം എയർവേസ് പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കാൻ ഞങ്ങൾ നിർബന്ധിതരായി. താമസിയാതെ, ബഹ്റൈൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലും വ്യോമാതിർത്തി അടച്ചു. ഇതോടെ ലോകത്തിലെ തിരക്കേറിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭിച്ചു. ഏകദേശം 100 വിമാനങ്ങൾ ദോഹയിലേക്കുള്ള യാത്രയിലായിരുന്നു. ചില വിമാനങ്ങൾ ഞങ്ങളുടെ റൺവേകളിലേക്ക് അടുക്കുകയായിരുന്നു, മറ്റുള്ളവ പുറപ്പെടലിനായി തയാറാകുകയായിരുന്നു.
ഈ സമയത്താണ് അൽ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാനിൽനിന്ന് മിസൈൽ ആക്രമണമുണ്ടായത്. ഖത്തറിന്റെ പ്രതിരോധ സംവിധാനം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പെട്ടെന്ന് നടപടികൾ സ്വീകരിച്ചു. ഈ സമയം 20,000ത്തിലധികം യാത്രക്കാരുമായി 90ൽ അധികം ഖത്തർ എയർവേസ് വിമാനങ്ങൾ ദോഹയിലേക്ക് പോകുകയായിരുന്നു. അവയെല്ലാം ഉടൻ തിരിച്ചുവിട്ടു. 25 വിമാനങ്ങൾ സൗദി അറേബ്യയിലെ വിവിധ എയർപോർട്ടുകളിലേക്കും, 18 തുർക്കിയ, 15 ഇന്ത്യ, 13 ഒമാൻ, 5 യു.എ.ഇയിലേക്കും തിരിച്ചുവിട്ടു. ബാക്കിയുള്ള വിമാനങ്ങൾ ലണ്ടൻ, ബാഴ്സലോണ ഉൾപ്പെടെയുള്ള യൂറോപ്പ്, ഏഷ്യ, മിഡസ്ലീസ്റ്റ് എന്നീ മേഖലകളിലെ പ്രധാന എയർപോർട്ടുകളിലേക്ക് റൂട്ട് മാറ്റി.
ദോഹയിൽനിന്ന് എല്ലാവിധ പുറപ്പെടലുകളും താൽക്കാലികമായി നിർത്തിവെച്ചു. ഹമദ് ഇന്റർനാഷനൽ എയർപോർട്ടിനുള്ളിൽ, 10,000 ൽ അധികം യാത്രക്കാർ ഇതിനകം ട്രാൻസിറ്റിലായിരുന്നു. അവർ പുറപ്പെടാനായിരുന്ന സമയത്ത് പ്രതിസന്ധി രൂപപ്പെട്ടത്. ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ വെല്ലുവിളിയുടെ നടുവിലാണ് യാത്രക്കാർ അകപ്പെട്ടത്.
ഞങ്ങളുടെ എയർബസ് എ 380 പോലെയുള്ള വിമാനങ്ങൾ ഉൾപ്പെടെ മിക്കവയും തങ്ങളുടെ സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. ചിലത് കർഫ്യൂവുള്ള എയർപോർട്ടുകളിലാണ് ഇറക്കിയത്. ചില വിമാനങ്ങൾക്ക് ആകാശമാർഗത്തിലേക്ക് പ്രവേശിക്കാൻ അനുമതി കാത്തിരിക്കേണ്ടി വന്നു.
യാത്ര ഷെഡ്യൂളുകൾ, വിമാനങ്ങളുടെ റൂട്ട് വീണ്ടും തയാറാക്കി. എയർവേസിന്റെ എല്ലാ ഘടകങ്ങളും ഒരു ഇടവേളയും കൂടാതെ തത്സമയം പ്രവർത്തിച്ചു. ഞങ്ങളുടെ പ്രധാന പരിഗണന, പ്രതിസന്ധിയിലകപ്പെട്ട യാത്രക്കാർക്ക് പരിപാലനവും സുരക്ഷിതമായും വേഗത്തിലും അവരെ തിരിച്ചെത്തിക്കലുമായിരുന്നു.
ജൂൺ 24ന് അർധരാത്രിയോടെ ആകാശപാത വീണ്ടും തുറന്നതോടെ, മണിക്കൂറുകൾക്കുള്ളിൽ ദോഹയിലെ ഞങ്ങളുടെ ഹബ്ബിലേക്ക് വിമാനങ്ങൾ എത്തിത്തുടങ്ങി. വിമാനങ്ങളും അതിലുണ്ടായ യാത്രക്കാരും ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ ഇറങ്ങിയതോടെ, പ്രാദേശിക സമയം അഞ്ചോടെ യാത്രക്കാരുടെ എണ്ണം 22,000 ൽ കൂടുതലായി. ഭക്ഷണം, ഗ്രൗണ്ട് ട്രാൻസ്പോർട്ട്, താമസം, യാത്രക്കാരുടെയും എമിഗ്രേഷൻ, കസ്റ്റംസ് സംവിധാനങ്ങളുടെയും സമയബന്ധിത ഏകോപനം എന്നിവ പ്രവർത്തനക്ഷമമാക്കി.
4,600 ലധികം യാത്രക്കാർക്ക്, ദോഹയിലെ 3,200 ഓളം ഹോട്ടൽ മുറികൾ ഉപയോഗിച്ച് താമസ സൗകര്യം നൽകി. എയർലൈൻ ഗ്രൂപ്പിന്റെ വിവിധ ടീമുകൾ ട്രാൻസിറ്റ് ഏരിയയിൽ നേരിട്ടെത്തി യാത്രക്കാർക്ക് സഹായം നൽകി. മെഡിക്കൽ കേസുകൾ, കുടുംബങ്ങൾ, മുതിർന്ന യാത്രക്കാർക്കും മുൻഗണന നൽകി യാത്രകൾ റീഷെഡ്യൂൾ ചെയ്തു.
ഭക്ഷണം, കുടിവെള്ളം, കംഫർട്ട് കിറ്റുകൾ, സാന്ത്വനവാക്കുകൾ ഓരോ ൈഫ്ലറ്റിലും നേരിട്ടെത്തി നൽകി. യാത്ര തുടങ്ങിയിട്ടില്ലാത്തവർക്ക് റീഷെഡ്യൂൾ ചെയ്യാനും ഫീസ് ഇല്ലാതെ റീഫണ്ടിന് അർഹരാകാനും കഴിയുന്ന ട്രാവൽ പോളിസി ഉടൻ പ്രാബല്യത്തിൽവന്നു. ജൂൺ 24ന് 390 വിമാനങ്ങൾ ഓപറേറ്റ് ചെയ്തു. ഞങ്ങളുടെ നെറ്റ് വർക്ക് പുനഃസ്ഥാപിക്കാനും ഷെഡ്യൂളുകൾ നിലനിർത്താനും സാധിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളിലെ ഏകദേശം 20,000 യാത്രക്കാരെ 24 മണിക്കൂറിനുള്ളിൽ ക്ലിയർ ചെയ്തു. ജൂൺ 24 ന് രാവിലെ 11,000ലധികം പേരും ബാക്കിയുള്ളവർ അടുത്തദിവസവും പുറപ്പെട്ടു. ജൂൺ 25ന് പ്രവർത്തനം കൂടുതൽ മികച്ചതാക്കി, ഷെഡ്യൂൾ ചെയ്ത 578 വിമാനങ്ങൾ സർവിസ് നടത്തി.
പ്രതിസന്ധി സമയത്ത് എയർവേസ് അധികൃതരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന കത്തിൽ തുടർന്ന്, അടിയന്തര ഘട്ടത്തിലുള്ള ഞങ്ങളുടെ ഇടപെടൽ ഖത്തർ എയർവേസിന്റെ പ്രവർത്തന പരിചയവും ആസൂത്രണവും പ്രതിബദ്ധതയും വ്യക്തമാക്കുന്നു. യാത്രക്കാർക്കും പ്രതിസന്ധി സമയത്ത് കൂടെനിന്നവർക്കും ക്ഷമയോടെ കാത്തിരിക്കുന്നവർക്കും എയർലൈൻ ടീമിലെ അംഗങ്ങൾക്കും പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

