ഏഷ്യൻ ഫുട്ബാളർ പുരസ്കാര പട്ടികയിൽ അഫീഫും
text_fieldsഅക്രം അഫീഫ്
ദോഹ: ഏഷ്യൻ ഫുട്ബാളിൽ പോയ വർഷത്തെ മികച്ച താരത്തിനുള്ള എ.എഫ്.സി പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിൽ ഖത്തറിന്റെ സൂപ്പർ താരം അക്രം അഫീഫും. ഒക്ടോബർ 29ന് ദക്ഷിണ കൊറിയയിലെ സോളിലാണ് പുരസ്കാര പ്രഖ്യാപനം. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഖത്തറിനെ വീണ്ടും കിരീടമണിയിച്ച പ്രകടനവുമായാണ് അഫീഫ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ജോർഡന്റെ യസാൻ അൽ നയ്മത്, ദക്ഷിണ കൊറിയയുടെ സിയോൾ യുങ് വൂ എന്നിവരാണ് മികച്ച താരത്തിനുള്ള മത്സരത്തിൽ അഫീഫിക്കൊപ്പമുള്ളവർ.
കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഖത്തറിൽ നടന്ന ഏഷ്യൻകപ്പിൽ ആതിഥേയരെ കിരീടത്തിലേക്ക് നയിച്ച മിന്നും പ്രകടനമാണ് അഫീഫിക്ക് തുണയായത്. ഫൈനലിൽ ജോർഡനെതിരെ നേടിയ ഹാട്രിക് മുതൽ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി ടോപ് സ്കോററായിരുന്നു താരം. ക്ലബ് ഫുട്ബാളിലും താരം ഈ മികവ് തുടർന്നു. 26 ഗോൾ നേട്ടവുമായി അൽ സദ്ദിനെ 17ാം കിരീടത്തിലേക്ക് നയിച്ചതും അഫീഫിയുടെ മികവ് വർധിപ്പിക്കുന്നു.

