യുദ്ധം, മഴ, കെടുതി.... തെരഞ്ഞെടുപ്പിന്റെ ചൂടുപിടിക്കാതെ പ്രവാസ ലോകം
text_fieldsഎ.ഐ. ചിത്രം
സുഹാർ: ഓരോ തെരഞ്ഞെടുപ്പ് കാലവും നാട്ടിൽ രാഷ്ട്രീയ ചൂട് ഉയരുമ്പോൾ വിദേശത്ത് കഴിയുന്ന പ്രവാസികളുടെ മനസും അതിനൊപ്പമെന്ന പോലെ ചൂടാകാറുണ്ട്. എന്നാൽ ഇത്തവണ ആ ചൂട് ഇതുവരെ അത്ര കത്തിക്കറിയിട്ടില്ല. പ്രത്യേകിച്ച്, ഒമാനിൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തന്നെ പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്. ഗൾഫ് മേഖല മുഴുവനായി യുദ്ധ കാർമേഘത്തിന്റെ നിഴലിൽ ആയതോടെ വിമാന യാത്രയും പ്രതിസന്ധിയിൽ ആയി.
കുട്ടികളുടെ പരീക്ഷകളും റദ്ദാക്കിയതോടെ രക്ഷിതാക്കളിൽ ഉടലെടുത്ത ആശങ്ക വർധിച്ചു. യുദ്ധസമാനമായ സാഹചര്യത്തിൽ നിന്ന് കുറച്ചു മാറുമ്പോഴേക്കും ന്യുനർദ്ദ മഴയുടെ മുന്നറിയിപ്പും ശക്തമായ മഴയും വന്നതോടെ ഒമാൻ അരക്ഷിത കാലാവസ്ഥയുടെ പിടിയിലായി. അതോടെ പ്രവാസികളുടെ മനസ്സിലും കാർമേഘം ഉരുണ്ടുകൂടി. താമസസ്ഥലത്തും കച്ചവട കേന്ദ്രങ്ങളിലും വെള്ളം നിറഞ്ഞു. പരസ്പരം വാക്കാൽ പോരടിച്ചു രാഷ്ട്രീയം ചർച്ച ചെയ്യേണ്ട അവസ്ഥ ഇല്ലാതായി. സ്ഥാനാർഥികളുടെ കേമത്തരം പറയേണ്ട സ്ഥാനത്ത് യുദ്ധ ഭീഷണിയും, മഴയുടെ കെടുതികളും ചർച്ചയായി.
അതിനു പുറമെ, വോട്ടുള്ളവർക്ക് ആഗ്രഹിച്ചാൽപോലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തുക പ്രായോഗികമല്ലാത്ത സാഹചര്യവും രൂപപ്പെട്ടു. വിമാന സർവിസുകളുടെ കുറവ്, യാത്രാചെലവ്, അവധി ലഭ്യത എന്നിവയൊക്കെയാണ് പ്രധാന തടസ്സങ്ങൾ. അതിനാൽ, ഇത്തവണയും പലരും സോഷ്യൽ മീഡിയയിലൂടെയും കുടുംബ ബന്ധങ്ങളിലൂടെയും മാത്രം തിരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കാളികളാകുകയാണ്.
മുമ്പത്തെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കാണപ്പെട്ട പോലെ വലിയ കൂട്ടായ്മകളുടെ ഒത്തുചേരലും രാഷ്ട്രീയ ചർച്ചകളും നേതാക്കന്മാരുടെ വരവും സ്ഥാനാർഥികൾക്കുള്ള സ്വീകരണവും വിശദീകരണ യോഗങ്ങളും ഇത്തവണ പ്രവാസ മണ്ണിൽ കൂടുതലും നടന്നിട്ടില്ല.
രാഷ്ട്രീയം മനസ്സിൽ കൊണ്ടു നടക്കുന്ന പ്രവാസികളിൽ ഏറെപേരും ഓൺലൈൻ പ്രചാരണ രംഗത്ത് സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ വാർത്താമാധ്യമങ്ങൾ എന്നിവ പ്രവാസികൾക്ക് കൂടുതൽ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും, വ്യാജവാർത്തകളുടെ വ്യാപനവും ഒരുപോലെ ആശങ്ക ഉയർത്തുന്നുണ്ട്. പ്രവാസികൾക്ക് മറ്റൊരു പ്രധാന ആശങ്ക, നാട്ടിലെ രാഷ്ട്രീയ തീരുമാനം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നതാണ്. സാമ്പത്തിക നയങ്ങൾ, പ്രവാസി സൗഹൃദ പദ്ധതികൾ, പുനരിധിവാസം, ഇൻഷുറൻസ് പരിരക്ഷ, കുട്ടികളുടെ ഉപരിപഠനം, വിമാന നിരക്കുകൾ ഗൾഫിലെ സ്വദേശി വൽക്കരണം, തുടങ്ങിയവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

