അമേരിക്ക-ഇറാൻ ആണവ ചർച്ച മുന്നോട്ട്
text_fieldsമസ്കത്ത്: അമേരിക്ക-ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാംഘട്ട ചർച്ച മസ്കത്തിൽ നടന്നു. ഇരുകക്ഷികളും കരാറിലേക്ക് എത്തുന്നതിനുള്ള നീക്കത്തിലാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്.
ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ടതായിരുന്നു ചർച്ച. മാന്യമായ കരാറുകളിൽ എത്താനാണ് ഞങ്ങൾക്ക് ആഗ്രഹിക്കുന്നതെന്ന് ചർച്ചകൾക്ക് ശേഷം സയ്യിദ് ബദർ പറഞ്ഞു. ഇരു കക്ഷികളും അവരുടെ നേതൃത്വങ്ങളുമായി കൂടിയാലോചിച്ച ശേഷം അഞ്ചാം റൗണ്ട് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ ബുദ്ധിമുട്ടുള്ളതും എന്നാൽ ഉപയോഗപ്രദവുമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഇസ്മായിൽ ബഖായ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഖ്ച്ചിയും അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്ക്കോഫാും ആയിരുന്നു നാലാംഘട്ട ചർച്ചയിൽ പങ്കെടുത്തത്. ചർച്ചകളുമായി മുന്നോട്ട് പോകുന്നതിന് ധാരണയിലെത്തിതായി യു.എസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.
ഇറാന് സിവിലിയൻ യുറേനിയം സമ്പുഷ്ടമാക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്നും അത് ഒരു കരാറിനും വിധേയമാക്കാൻ കഴിയില്ലെന്നും ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്റ്റേറ്റ് മീഡിയയോട് പറഞ്ഞിരുന്നു.
മുമ്പ് നടന്ന മൂന്ന് ചർച്ചകൾക്ക് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി മധ്യസ്ഥത വഹിച്ചിരുന്നു. ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നടന്നുവെന്നാണ് റോയിട്ടേഴ്സ് പോലുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

