യു.എസ് - ഇറാൻ നാലാംഘട്ട ആണവചർച്ച 11ന് മസ്കത്തിൽ
text_fieldsമസ്കത്ത്: യു.എസ് - ഇറാൻ നാലാംഘട്ട ചർച്ച ഈമാസം11ന് മസ്കത്തിൽ നടക്കുമെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസും ഇറാനും തമ്മിൽ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നേരിട്ടല്ലാതെയുള്ള മധ്യസ്ഥ ചർച്ചകളാണ് നടക്കുക. മസ്കത്തിലും റോമിലുമാണ് നേരത്തേ ചർച്ചകൾ നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാച്ചിയാണ് ഇറാൻ പ്രതിനിധി സംഘത്തെ നയിക്കുക.
അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വീക്കോഫാണ് അമേരിക്കൻ സംഘത്തെ നയിക്കുക. ഇറാന്റെ ആണവപദ്ധതിയാണ് മധ്യസ്ഥ ചർച്ചയിലെ പ്രധാന വിഷയം. മുമ്പ് നടന്ന ചർച്ചകൾ ക്രിയാത്മകവും നിർമാണാത്മകവുമായിരുന്നുവെന്നാണ് ഇരു വിഭാഗവും പ്രതികരിച്ചത്. അതോടൊപ്പം ഇറാന്റെ യുറേനിയം സമ്പുഷ്ടീകരവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധതല ചർച്ചകളും നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നാലാംഘട്ട ചർച്ചകൾ മാറ്റിവെച്ചതായുള്ള അറിയിപ്പിനു ശേഷമാണ് പുതിയ വാർത്ത വരുന്നത്.
അതിനിടെ ഈമാസം രണ്ടിന് ഇറാനിൽനിന്ന് എണ്ണയോ പെട്രോ കെമിക്കൽ ഉൽപന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഭീഷണി ഉയർത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനെ സമ്മർദത്തിലാക്കിയതായി റോയിട്ടേഴ്സ് ഈ മാസം രണ്ടിന് റിപ്പോർട്ട് ചെയ്തിരുന്നു. നാലാംഘട്ട ചർച്ച റോമിലായിരുന്നു നടക്കേണ്ടിയിരുന്നത്. ലോജിസ്റ്റിക്കൽ കാരണങ്ങളാലാണ് മാറ്റിവെച്ചതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.
നാലാംഘട്ട ചർച്ചകളുടെ തീയതി നിശ്ചയിച്ചത് മേഖലയിലെ സമാധന പ്രേമികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും മേഖലയിൽ ഉരുണ്ട് കൂടുന്ന യുദ്ധ അന്തരീക്ഷം ഒഴിവായി സമാധാനം നിലനിൽക്കുമെന്നാണ് മേഖലയിലെ രാജ്യങ്ങൾ പ്രത്യാശിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ലോകത്തിലെ സർവ രാജ്യങ്ങളെയും ബാധിക്കുമെന്നും ചിലപ്പോൾ അത് ലോകയുദ്ധമായി മാറാമെന്നും ചരക്ക് നീക്കം അടക്കമുള്ളവ നിലക്കുന്നത് ലോകത്ത് വൻ പ്രതിസന്ധി ഉയർന്ന് വരുമെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്.
ആദ്യ മൂന്ന് റൗണ്ട് ചർച്ചകളും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ-ബുസൈദിയുടെ മധ്യസ്ഥതയിലായിരുന്നു നടന്നിരുന്നത്. മസ്കത്തിൽ ചേർന്ന മൂന്നാം ഘട്ട ചർച്ചയിൽ പ്രധാന തത്ത്വങ്ങൾ, ലക്ഷ്യങ്ങൾ, സാങ്കേതിക ആശങ്കകൾ എന്നിവയെല്ലാം അഭിസംബോധന ചെയ്യുകയുണ്ടായി. അവസാനം നടന്ന ചർച്ചകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇറാനും അമേരിക്കയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു. എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോ ആയിരുന്നു ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇറാൻ ആണവപദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നടന്നുവെന്നാണ് റോയിട്ടേഴ്സ് പോലുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

