ഗതാഗത നിയമ ലംഘനം; കാറുകളുടെ പിഴ ഒഴിവാക്കി
text_fieldsമസ്കത്ത്: ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആശ്വാസകരമായ നടപടിയുമായി ഗതാഗത -വാർത്ത വിനിമയ- വിവര സാങ്കേതിക മന്ത്രാലയം. 2025 ഫെബ്രുവരി 18ന് മുമ്പുള്ള നിയമലംഘനങ്ങളിൽ കാറുകൾക്ക് 100 ശതമാനം പിഴയിളവ് അനുവദിച്ചു. നിയമലംഘനത്തിന്റെ തോതനുസരിച്ച് ചില പിഴകൾ ഗഡുക്കളായി അടക്കാനും അനുമതി നൽകിയിട്ടുണ്ട്.
പിഴയിളവുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനപ്രകാരം, ടാക്സികളുടെ സിംഗിൾ ഓണേഴ്സിനും ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും പിഴ കുടിശ്ശികയിൽ 100 ശതമാനം ഇളവാണുള്ളത്. അതേസമയം, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇകൾ) 70 ശതമാനം പിഴ ഒഴിവാക്കി നൽകും. ബാക്കി തുക ആറുമാസത്തെ ഇടവേളയിൽ അടച്ചാൽ മതിയെന്ന ആനുകൂല്യവുമുണ്ട്. വലിയ കമ്പനികൾക്ക് പിഴത്തുകയിൽ 50 ശതമാനം ഇളവാണ് അനുവദിച്ചത്. ബാക്കി തുക അടക്കാൻ ആറുമാസത്തെ ഇടവേളയും അനുവദിച്ചു.
ഇതിനു പുറമെ ചെറുതും വലുതുമായ എല്ലാ കമ്പനികൾക്കും മറ്റൊരു ഇളവുകൂടി അനുവദിച്ചിട്ടുണ്ട്.
ഏതെങ്കിലും കമ്പനികൾ കാലാവധിക്ക് ചുരുങ്ങിയത് ഒരു വർഷം മുമ്പെങ്കിലും പ്രവർത്തനം റദ്ദാക്കുകയോ വാണിജ്യ ലൈസൻസ് റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം കമ്പനികളുടെ മുഴുവൻ പിഴയും ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു. പിഴ ലഭിച്ചവർ ഇളവ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

