Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദാൻ കപ്പടിച്ച രാത്രിയിൽ പാഞ്ഞെത്തിയ കള്ളൻ !

text_fields
bookmark_border
സിദാൻ കപ്പടിച്ച രാത്രിയിൽ പാഞ്ഞെത്തിയ കള്ളൻ !
cancel

വർഷം 1998 ജൂലൈ 12 ന് ഇന്ത്യൻ സമയം ഏകദേശം അർധരാത്രി. ഫ്രാൻസിൽ വെച്ച് നടന്ന ലോകകപ്പ് ഫൈനൽ മത്സരം. ചാമ്പ്യന്മാരായ ബ്രസീലും ആതിഥേയരായ ഫ്രാൻസും തമ്മിലുള്ള കടുത്ത പോരാട്ടം. മലപ്പുറത്തെ ഒരു പതിനേഴുകാരൻ്റെ മുഴുവൻ ആവേശത്തിൽ ഞാനും ഉപ്പയും ടിവിയിൽ മത്സരം കാണാൻ അഞ്ചെട്ടു വീട് അപ്പുറത്തുള്ള ഹംസക്കയുടെ വീട്ടിലെത്തി. ആ പരിസരത്തുള്ള ഏകദേശം ആണുങ്ങളും അവിടെയുണ്ട്. ഡൈനിങ് ഹാളും സിറ്റൗട്ടും ഫുൾ. അക്കാലത്ത് വളരെ അപൂർവ്വം വീടുകളിലെ ടിവി ഉള്ളൂ.

ഞങ്ങളുടെ വീട്ടിൽ കറൻ്റ് പോലും എത്തിയിട്ടില്ലാത്ത കാലം. മഴ കോരിച്ചൊരിയുന്ന കർക്കിട വാവിൻ്റെ രാത്രിയിൽ ലോക കപ്പ് ഫൈനലിൻ്റെ ആവേശത്തിലാണ് എല്ലാവരും. ആക്രോശങ്ങളില്ല, വാഗ്വാദങ്ങളില്ല. എങ്കിലും നല്ല ആവേശത്തിലാണ്. ലോകചാമ്പ്യൻമാരെ 3-0 ന് തറപറ്റിച്ച് സിനദിൻ സിദാൻ്റെ മിടുക്കിൽ ആതിഥേയരായ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടി.

റൊണാൾഡോയുടെ പരിക്കും ബ്രസീലിന് വിനയായി. ഫൈനലും കഴിഞ്ഞു ഏകദേശം ഒന്നരമണി ആയിക്കാണും. കൂരിരുട്ടുള്ള വഴിയിലൂടെ ഞങ്ങൾ വീട്ടിലേക്ക് നടന്നു. കുറച്ച് നേരം തോർന്ന മഴ വീണ്ടും ആർത്തുപെയ്യാനുള്ള ഒരുക്കത്തിലാണ്. ഞാനിട്ട കറുത്ത ഷർട്ടിൻ്റെ രണ്ടു ബട്ടൺസഴിച്ച് തലയിലേക്ക് കേറ്റിയിട്ടു. മഴക്ക് ശക്തി കൂടി. ഞാൻ ഓട്ടത്തിന് വേഗം കൂട്ടി. വീടിൻ്റെ ഏകദേശം 50 മീറ്ററിൻ്റെ അടുത്തെത്തി.

പെട്ടെന്നാണ് എൻ്റെ വീട്ടിൽ നിന്നും ഉമ്മയുടെയും പെങ്ങളുടെയും നിലവിളി കേട്ടത്. ഞാനും ഉപ്പയും കളികാണാൻ പോയസമയത്ത് കള്ളന്മാർ കയറിയോ. ഞാൻ സർവ്വ ശക്തിയും എടുത്ത് ഉമ്മറത്തേക്ക് ഓടിക്കയറി. ചിമ്മിണി വിളക്കിൻ്റെ വെട്ടത്തിൽ. എന്നെക്കണ്ടതും പേടിച്ച് വിറക്കുന്ന പെങ്ങളോട് ഉമ്മ പറഞ്ഞു; ’മോളേ ... പേടിക്കണ്ടടീ.. അത് കള്ളനല്ല... മ്മളെ... അലിയാണ്’

ചിമ്മിണി വിളക്കും ഒരു കൈകൊണ്ട് പൊത്തിപിടിച്ച് പിന്നാമ്പുറത്തുള്ള ബാത്ത്റൂമിലേക്ക് പോവാൻ വേണ്ടി ഉമ്മറത്തെ വാതിൽ തുറന്നപ്പോഴാണ് തലയിൽ കറുത്ത ഷർട്ട് കേറ്റിയിട്ടു ഞാൻ ഓടി വരുന്നത് കണ്ടിട്ടാണ് കള്ളനാണെന്ന് കരുതി നിലവിളിച്ചത്. ഔരോ ലോകകപ്പ് വരുമ്പോഴും ഈ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The thief who came on the night Zidane was WON!
Next Story