ഒമാനിൽ താപനില ഉയരുന്നു; റുസ്താഖിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്
text_fieldsമസ്‌കത്ത്: ഒരിടവേളക്ക് ശേഷം ഒമാനിൽ വീണ്ടും താപനില ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 46.7°C റുസ്താഖിൽ രേഖപ്പെടുത്തി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൂട് അതിശക്തമായി തുടരുന്നതായാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്ക പ്രദേശങ്ങളിലും താപനില 44°C ന് മുകളിലാണ്.
ആമിറാത്ത്് 45.9, ബിദ്ബിദ് 45.7, അൽ അവാബി 45.5, വാദി അൽ മആവിൽ 45.4, സുനൈന 45.4, നഖൽ 45.2, ബൗഷർ 45.2, നഖൽ 45.2, ബുറൈമി 44.9, ഹംറ അദ് ദുരു 44.8, സമൈൽ 44.5 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഒമാനിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴ കനത്ത ചൂടിന് ആശ്വാസമേകിയിരുന്നു. ഒമാനിൽ കടുത്ത വേനൽച്ചൂട് തുടരുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച നൽകിയ മുന്നറിയിപ്പ്.
ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും താപനില ഗണ്യമായി ഉയരുമെന്നും പരമാവധി ചൂട് 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്കെത്താൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 15.2 ഡിഗ്രി സെൽഷ്യസ് ജബൽ ഷംസിലാണ്. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

