ബർക്കയിലെ ഹെൽത്ത് വില്ലേജിൽ സൗരോർജ പദ്ധതിക്ക് തുടക്കം
text_fieldsബർക്കയിലെ ഹെൽത്ത് വില്ലേജിൽ നടപ്പാക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗം
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിലെ ഹെൽത്ത് വില്ലേജിൽ സൗരോർജ്ജ പ്ലാന്റുകൾ നിർമിച്ചുനൽകുന്ന പദ്ധതിക്ക് തുടക്കമായതായി നാമാ ഇലക്ട്രിസിറ്റി ഡിസ്ട്രിബൂഷൻ കമ്പനി അറിയിച്ചു. കമ്പനിയുടെ സാമൂഹിക നിക്ഷേപ സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള പൊതുവായ പ്രവണതയെ പിന്തുണക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം അൽ ഖുവൈറത്ത് ഹെൽത്ത് വില്ലേജിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമായത്.
ഇത് സംബന്ധിച്ച യോഗം ബർക്ക ഗവർണർ സയ്യിദ് താരിഖ് ബിൻ മഹ്മൂദ് ബിൻ അലി അൽ ബുസൈദിയുടെ ഓഫിസിൽ നടന്നതായി നാമാ ഇലെക്ട്രിസിറ്റി ഡിസ്ട്രിബൂഷൻ കമ്പനി അറിയിച്ചു. യോഗത്തിൽ നിരവധി സർക്കാർ, കമ്യൂണിറ്റി സ്ഥാപനങ്ങളും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും കൂടാതെ നാമാ ഡിസ്ട്രിബൂഷൻ കമ്പനിയുടെയും കരാറുകാരായ അൽ ഫൊർസാൻ അൽ ആസ്റ കമ്പനിയുടെയും മാനേജ്മെന്റ് പ്രതിനിധികളും എൻജിനീയർമാരും പങ്കെടുത്തു. സൗരോർജ പദ്ധതിയുടെ വിശദാംശങ്ങൾ യോഗത്തിൽ എൻജിനീയർമാരുടെ സംഘം അവലോകനം ചെയ്തു. ഗുണഭോക്തൃ കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകൾ കുറക്കുന്നതിന് ഈ സംരംഭം സഹായകമാകും.
അതോടൊപ്പം പ്രാദേശിക സമൂഹത്തിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് നാമാ ഡിസ്ട്രിബൂഷൻ കമ്പനി വ്യക്തമാക്കി. ഒമാൻ വിഷൻ 2040 യുടെ ഭാഗമായുള്ള ഹരിത ഊർജ്ജ മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നാമ ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം. പുനരുപയോഗ ഊർജ്ജ സ്രോതസിനെ പ്രോത്സാഹിപ്പിക്കാൻ, സോളാർ സംവിധാനത്തിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കും ഡിസ്ട്രിബൂഷൻ കമ്പനി നൽകുന്ന വൈദ്യുതിയുടെ അതേ നിരക്ക് തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. തന്മൂലം ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യതി ബില്ലിൽ മികച്ച കുറവ് വരുത്താൻ സൗരോർജ സംവിധാനം സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

