സലാല വിമാനത്താവളത്തിൽ ഈ വർഷം പ്രതീക്ഷിക്കുന്നത് 900,000 യാത്രക്കാരെ
text_fieldsഖരീഫ് സീസണിനോടനുബന്ധിച്ച് സലാല വിമാനത്താവളത്തിൽ യത്രക്കാർക്ക് നൽകിയ സ്വീകരണം
മസ്കത്ത്: ഈ വർഷം സലാല എയപോർട്ട് 900,000 യാത്രക്കാരെ ആകർഷിച്ചേക്കുമെന്ന് അധികൃതർ. കഴിഞ്ഞ വർഷം സലാല വിമാനത്താവളം 626,000 യാത്രക്കാരെ സ്വീകരിച്ചുവെന്ന് ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനിയിലെ ഓപ്പറേഷൻ ഓഫിസർ ഡോ. അലി ബഖീത് ഫാദിൽ പറഞ്ഞു. ഈ വർഷമിത് ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്.
ഗവർണറേറ്റിലേക്ക് ആദ്യമായി സർവിസ് ആരംഭിച്ച സൗദി എയർലൈൻസിനെ ഉൾപ്പെടുത്തിയതൊഴിച്ചാൽ, സലാല വിമാനത്താവളത്തിലെ ഓപറേറ്റിങ് എയർലൈനുകളുടെ പട്ടികയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ജിദ്ദയിൽനിന്ന് സലാലയിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ കമ്പനി നടത്തും.
ഇത് ഒമാനും സൗദി അറേബ്യയും തമ്മിലുള്ള വ്യോമ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. സലാലയിലേക്കുള്ള മൊത്തം വ്യോമഗതാഗതത്തിന്റെ 60 ശതമാനവും ആഭ്യന്തര വിമാന സർവിസുകളാണെന്ന് വ്യോമഗതാഗതത്തിന്റെ ഘടന എടുത്തുകാണിച്ചുകൊണ്ട് ഡോ. അലി ചൂണ്ടിക്കാട്ടി.
ബാക്കി 40 ശതമാനം പ്രാദേശിക വിമാന സർവിസുകളാണ്, പ്രധാനമായും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ നിന്നുമാണുള്ളത്.
യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്ന് അഞ്ച്, ഖത്തറിൽ നിന്ന് ഒമ്പത്, കുവൈത്തിൽനിന്ന് ഒമ്പത്, സൗദി അറേബ്യയിൽനിന്ന് 15ഉം സർവിസുകൾ സലാലയിലേക്ക് ആഴ്ചയിൽ വിമാന സർവീസുകൾ ഉണ്ട്. പ്രാദേശിക ഡിമാൻഡിൽ പോസിറ്റീവ് ആണ് ഈ വർധനവ് സൂചിപ്പിക്കുന്നതെന്ന് ഡോ. അലി പറഞ്ഞു. വളർന്നുവരുന്ന പ്രാദേശിക യാത്രാ കേന്ദ്രമെന്ന നിലയിൽ സലാലയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണിതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

