എച്ച്.ഐ.വി വ്യാപനം; ഫിലിപ്പെയ്ൻ വീട്ടുജോലിക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ പ്രമേയം
text_fieldsമനാമ: ഫിലിപ്പിനോ വീട്ടുജോലിക്കാരെ ബഹ്‌റൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന അടിയന്തര പ്രമേയവുമായി എം.പി മുഹമ്മദ് അൽ അഹ്മദ് രംഗത്ത്. ഫിലിപ്പീൻസിലെ എച്ച്.ഐ.വി.യുടെ വ്യാപനവും രോഗവ്യാപനത്തിന്റെ നിലവിലെ സാഹചര്യങ്ങളും അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഫിലിപ്പീൻസിൽ എച്ച്.ഐ.വി കേസുകളുടെ വർധനവിനെക്കുറിച്ച് പ്രാദേശിക, അന്താരാഷ്ട്ര ആരോഗ്യ റിപ്പോർട്ടുകൾ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, ബഹ്‌റൈൻ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അൽ അഹ്മദ് പറഞ്ഞു. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് വരാൻ സാധ്യതയുള്ള ആരോഗ്യ പ്രതിസന്ധികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ പ്രതിരോധ നടപടികൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിർദേശം മുൻകരുതൽ എന്ന നിലയിലുമുള്ള ഒരു താൽക്കാലിക നടപടിയാണെന്നും എം.പി കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിലെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും, അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നതുവരെ ഈ താൽക്കാലിക വിലക്ക് തുടരും. പകരം മറ്റ് രാജ്യങ്ങളിൽ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഏഷ്യയിൽ എച്ച്.ഐ.വി. കേസുകളിൽ ഏറ്റവും വേഗത്തിലുള്ള വർധനവ് രേഖപ്പെടുത്തുന്നത് ഫിലിപ്പീൻസിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025ൽ പ്രതിദിനം 57 പുതിയ അണുബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം, 2024ൽ ഏകദേശം 29,600 പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

