ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങി
text_fieldsഒമാനിൽ ദ്വിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് മസ്കത്തിലെ റോയൽ വിമാനത്താവളത്തിൽ യാത്രയാക്കുന്നു
മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തോടെയായിരുന്നു ത്രിരാഷ്ട്ര പര്യടനത്തിന് സമാപനമായത്. ബുധനാഴ്ച വൈകീട്ട് ഒമാനിലെത്തിയ മോദി സുൽത്താൻ ഹൈതം ബിൻ താരിഖുമായി തന്ത്രപ്രധാനമായ ചർച്ച പൂർത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ മസ്കത്തിൽ നിന്ന് മടങ്ങി. ഔദ്യോഗിക പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിച്ചു. നേരത്തെ ജോർഡനിലും ഇത്യോപ്യയിലും രണ്ടു ദിവസെത്ത സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു മോദി ഒമാനിലെത്തിയത്.
ബുധനാഴ്ച രാത്രി ഇന്ത്യ-ഒമാൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത മോദി പിന്നീട് ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് മസ്കത്തിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. ഒമാനിലെ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മുതിർന്ന സൈനിക മേധാവികൾ, നയതന്ത്ര ദൗത്യങ്ങളുടെ മേധാവികൾ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യൻ പ്രവാസിസമൂഹവുമായും സംവദിച്ചു. ഉച്ചക്കുശേഷം ഡൽഹിയിലേക്ക് മടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ യാത്ര അയക്കാൻ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ ബിൻ സാലിഹ് അൽ ഷൈബാനി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർമാർ, സുൽത്താന്റെ സായുധസേനയിലെ (എസ്.എ.എഫ്) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ എത്തി.
ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഒമാനിലെ ഇന്ത്യൻ അംബാസഡർ ഗോഡവർതി വെങ്കട ശ്രീനിവാസ് എന്നിവർ ഉൾപ്പെടുന്ന ഔദ്യോഗിക പ്രതിനിധിസംഘവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

