പ്രവാസകൈരളി സാഹിത്യപുരസ്കാരം പി.എഫ്. മാത്യൂസിന്
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ
സാഹിത്യകാരൻ പി.എഫ്. മാത്യൂസ് സംസാരിക്കുന്നു
മസ്കത്ത്: ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യപുരസ്കാരത്തിന് മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് അർഹനായി.
അദ്ദേഹത്തിന്റെ ‘അടിയാളപ്രേതം’ എന്ന നോവലിനാണ് അവാർഡ്. ഈ കൃതിക്ക് 2020ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയിട്ടുണ്ട്. കുട്ടിസ്രാങ്ക്, ഇൗമയൗ, അതിരൻ, തന്ത്രം, പുത്രൻ എന്നീ സിനിമകളുടെ തിരക്കഥകളിലൂടെയും പി.എഫ്. മാത്യൂസ് സാഹിത്യപ്രേമികൾക്കിടയിൽ പരിചിതനാണ്. കൂടാതെ ടെലിവിഷൻ സീരിയലുകൾ, നോവലുകൾ, കഥകൾ എന്നീ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരൻകൂടിയാണ് അദ്ദേഹം.
വ്യാഴാഴ്ച മലയാളവിഭാഗത്തിന്റെ റുവിയിലുള്ള ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ പി.എഫ്. മാത്യൂസ്, മലയാള വിഭാഗം കൺവീനർ താജുദ്ദീൻ എന്നിവർ സംസാരിച്ചു. 1986 മുതൽ കേരള കൾചറൽ സെന്ററിന്റെ സമയംമുതൽ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കൊടുത്തുവരുന്നതായി കൺവീനർ അറിയിച്ചു.1986ലെ പുരസ്കാര ജേതാവ് കടമ്മനിട്ട രാമകൃഷ്ണനായിരുന്നെന്നും ഒ.എൻ.വി. കുറുപ്പ് ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക സാഹിത്യമാരെയും ആദരിച്ചു നൽകിയ ഈ പുരസ്കാരം ഈ വർഷത്തെ ജേതാവായ പി.എഫ്. മാത്യൂസിന് നല്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗത്തിന്റെ കേരളോത്സവം വെള്ളിയാഴ്ച വൈകീട്ട് ദാർസൈറ്റലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ മൾട്ടി പർപ്പസ് ഹാളിൽ അരങ്ങേറുമെന്നും കൺവീനർ അറിയിച്ചു. കേരളപ്പിറവിയോടനുബന്ധിച്ചു നടത്തിവരുന്ന കേരളോത്സവത്തിൽ പ്രവാസ കൈരളി സാഹിത്യപുരസ്കാരം പി.എഫ്. മാത്യൂസിന് കൈമാറും. തുടർന്ന് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മലയാളം വിങ് ഓഫീസിൽ ‘സിനിമയും സാഹിത്യവും: തിരക്കഥാ രചനയിലെ കാലാനുസൃതമായ മാറ്റങ്ങൾ’ എന്ന വിഷയത്തിൽ സാഹിത്യ ചർച്ചയും മലയാളവിങ് സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കോ കൺവീനർ രമ്യാ ഡെൻസിൽ, സാഹിത്യവിഭാഗം സെക്രട്ടറി സുനിൽ കുമാർ കൃഷ്ണൻ നായർ, ജോയന്റ് സെക്രട്ടറി പാപ്പച്ചൻ ഡാനിയേൽ എന്നിവരും മറ്റു മലയാളം വിങ് ഭാരവാഹികളായ അനീഷ് പിള്ള, ടീന ബാബു, സജീമോൻ, സതീഷ് കുമാർ, വിനോജ് വിൽസൺ, കൃഷ്ണേന്ദു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

