പ്രവാസികൾക്കും സൗജന്യ പരിശോധന; സലാലയിൽ സ്തനാർബുദ നിർണയ മൊബൈൽ യൂനിറ്റുമായി ഒമാൻ കാൻസർ അസോസിയേഷൻ
text_fieldsസലാല: സ്തനാർബുദ പ്രതിരോധ രംഗത്ത് മാതൃകാപരമായ ചുവടുവെപ്പുമായി ഒമാൻ കാൻസർ അസോസിയേഷന്റെ ദോഫാർ ഗവർണറേറ്റ് ശാഖ രംഗത്ത്. സ്തനാർബുദം നേരത്തെ കണ്ടെത്താനുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈൽ സ്ക്രീനിംഗ് യൂനിറ്റ് സലാലയിൽ പ്രവർത്തനമാരംഭിച്ചു. സലാല വിലായത്തിലെ അൽ സാദ ഹെൽത്ത് സെന്ററിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
സ്തനാർബുദം നേരത്തെ കണ്ടെത്തുകയും കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കുകയും ചെയ്യുക വഴി രോഗമുക്തിക്കുള്ള സാധ്യതകൾ വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുള്ള സ്ത്രീകൾക്കിടയിൽ സ്തനാർബുദ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഈ മൊബൈൽ യൂണിറ്റ് ഉപയോഗപ്പെടുത്തും. മൊബൈൽ യൂണിറ്റിലെ അത്യാധുനിക സജ്ജീകരണങ്ങളെക്കുറിച്ചുള്ള പരിചയപ്പെടുത്തലും സ്തനാർബുദ പ്രതിരോധ ബോധവൽകരണ കോർണറും ഉദ്ഘാടന ചടങ്ങിൽ ഒരുക്കിയിരുന്നു.
പദ്ധതിയിൽ പങ്കാളികളായ സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. എല്ലാവർഷവും ഖരീഫ് സീസണിൽ ഈ മൊബൈൽ യൂനനിറ്റ് ദോഫാറിലെത്തിക്കുന്നത് അസോസിയേഷന്റെ പ്രധാന പ്രവർത്തനമാണെന്ന് ഒമാൻ കാൻസർ അസോസിയേഷൻ ദോഫാർ ശാഖ ആക്ടിങ് ചെയർമാൻ സൈൻ അൽ ആബിദീൻ അലി അൽ അജീലി പറഞ്ഞു. അത്യാധുനിക മാമോഗ്രാം മെഷീൻ ഘടിപ്പിച്ച ഈ യൂണിറ്റ് 40 വയസ്സോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകൾക്കാണ് സേവനം നൽകുന്നത്.
സ്വദേശികൾക്കും പ്രവാസികൾക്കും സലാലയിലെത്തുന്ന സന്ദർശകർക്കും സൗജന്യമായാണ് ഈ പരിശോധനകൾ ലഭ്യമാക്കുന്നത്. ദോഫാർ ഗവർണറേറ്റിന്റെ ഉൾപ്രദേശങ്ങളിലുള്ള ജനങ്ങളിലേക്കും ഈ സേവനം എത്തിക്കാൻ വിപുലമായ ഒരു ഫീൽഡ് പ്രോഗ്രാമാണ് അസോസിയേഷൻ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ താഖ, ഷാലിം ആൻഡ് ഹല്ലാനിയാത് ദ്വീപുകൾ, തുംറൈത്ത്, അൽ മസ്യൂന തുടങ്ങിയ വിലായത്തുകളിൽ വിജയകരമായി പര്യടനം നടത്തിയ യൂണിറ്റ്, ഈ വർഷം മിർബാത്ത് വിലായത്തിൽ രണ്ടാഴ്ചത്തെ സേവനം പൂർത്തിയാക്കി. നിലവിൽ സലാല അൽ സാദ ഹെൽത്ത് സെന്ററിൽ തുടരുന്ന ഈ സേവനം വരും ദിവസങ്ങളിലും ലഭ്യമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 413 ഓളം സ്ത്രീകൾ ഈ യൂനിറ്റ് വഴി മാമോഗ്രാം പരിശോധനക്ക് വിധേയരായി. ഇതിനുപുറമെ, 40 വയസ്സിന് താഴെയുള്ള 371 സ്ത്രീകൾക്ക് ആവശ്യമായ കൗൺസിലിങ്ങും ബോധവൽക്കരണവും നൽകാൻ കഴിഞ്ഞു. മൊത്തം 784 പേരാണ് കഴിഞ്ഞ വർഷം മാത്രം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. 2010 മുതൽ എല്ലാ വർഷവും ഈ മൊബൈൽ യൂണിറ്റ് ദോഫാർ ഗവർണറേറ്റ് സന്ദർശിക്കുന്നുണ്ടെന്ന് അൽ അജീലി കൂട്ടിച്ചേർത്തു. മസ്കത്തിലെ ഒമാൻ കാൻസർ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി, പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ എന്നിവയുടെ പിന്തുണയോടെ ഒമാന്റെ ആരോഗ്യ മേഖലക്ക് തണലാവുകയാണ് സഞ്ചരിക്കുന്ന സ്ക്രീനിംഗ് യൂനിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

