നെസ്‌ലെ ബേബി ഫോർമുല ഉൽപന്നങ്ങൾ: ആരോഗ്യ മുന്നറിയിപ്പുമായി ഒമാൻ
text_fieldsമസ്കത്ത്: ചില നെസ്‌ലെ ബേബി മിൽക്ക് ഉൽപന്നങ്ങൾ വിപണിയിൽനിന്ന് തിരിച്ചുവിളിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെറിയുലൈഡ് എന്ന ദോഷകരമായ പദാർഥം കലരാനുള്ള സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഉൽപന്നങ്ങളടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
കമ്പനി തിരിച്ചുവിളിച്ച ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും, മന്ത്രാലയം നൽകിയ പട്ടികയുമായി ബാച്ച് നമ്പറുകൾ പരിശോധിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചു. അറിയിപ്പ് പുറത്തിറക്കിയ സമയത്തേക്ക് ഒമാനിൽ ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സംശയമുള്ള ഉൽപന്നങ്ങൾ ഉടൻ നശിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന പക്ഷം, വൈകാതെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രസ്തുത ഉൽപന്നങ്ങൾ ഒമാനിലെ വിപണികളിൽനിന്ന് പൂർണമായി നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളും നിർമാതാക്കളുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു. സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിലുള്ള മന്ത്രാലയത്തിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

