മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം; യാത്രികരിൽ മുന്നിൽ ഇന്ത്യക്കാർ
text_fieldsമസ്കത്ത് വിമാനത്താവളത്തിൽനിന്നുള്ള കാഴ്ച
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലും സർവിസുകളിലും കുറവ്. എന്നാൽ സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 6.7 ശതമാനം വർധിച്ചു. മേയിൽ മസ്കത്ത് വിമാനത്താവളം വഴി യാത്രചെയ്തവരിൽ മുന്നിൽ ഇന്ത്യൻ സ്വദേശികളാണ്.
വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തിന്റെ കുറവാണുണ്ടായത്. 2024ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇത് 59, 68,622 ആയിരുന്നത് ഈ വർഷം 5,790,010 ആയി. 2025 മേയ് അവസാനത്തോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തത് 5,207,005 യാത്രക്കാരെയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 5,393,373 ആയിരുന്നു. വിമാനത്താവളത്തിലെ വിമാനങ്ങളുടെ എണ്ണത്തിലും 7.5 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവർഷം 40,322 വിമാനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ 37,307 വിമാനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.
സലാല വിമാനത്താവളത്തിൽ, യാത്രക്കാരുടെ വളർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ മൊത്തം വിമാന സർവിസുകൾ 0.3 ശതമാനം കുറവു രേഖപ്പെടുത്തി. സുഹാർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 98.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 27,350 യാത്രക്കാരുണ്ടായിരുന്നപ്പോൾ നിലവിൽ 336 യാത്രക്കാരാണ് എത്തിയത്. 226 വിമാന സർവിസുകളിൽ നിന്ന് 63.7 ശതമാനം കുറഞ്ഞ് 82 വിമാന സർവിസുകളിൽ എത്തി. ദുകം വിമാനത്താവളത്തിലെ വിമാനങ്ങളുടെ എണ്ണം1.5 ശതമാനമാണ് കുറഞ്ഞത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ 260 വിമാനങ്ങൾ പറന്നപ്പോൾ ഈ വർഷം 256 വിമാനങ്ങൾ ആയി. യാത്രക്കാരുടെ എണ്ണത്തിലും 1.2 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2024 മേയ് അവസാനത്തോടെ 25,675 യാത്രക്കാരിൽനിന്ന് 25,371 യാത്രക്കാരിലെത്തി. ഈ വർഷം മേയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. ആകെ 193,861 ഇന്ത്യൻ പൗരൻമാരാണ് യാത്ര ചെയ്തത്. ഒമാനി പൗരന്മാർ 108,916 ഉം പാകിസ്താൻ പൗരന്മാർ 46,930 ഉം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

