Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓർമകളിൽ മറഡോണയുടെ...

ഓർമകളിൽ മറഡോണയുടെ അവസാന ലോകകപ്പ്

text_fields
bookmark_border
ഓർമകളിൽ മറഡോണയുടെ അവസാന ലോകകപ്പ്
cancel

ആദ്യമായി ഞാൻ ലോകകപ്പ് മത്സരങ്ങൾ ടിവിയിൽ കാണാൻ തുടങ്ങിയത് 1994 അമേരിക്കയിൽ വെച്ച് നടന്ന ലോകകപ്പോടെയായിരുന്നു. കാണാനേറെ ആഗ്രഹിച്ച ഒരു ലോകകപ്പ് തന്നെയായിരുന്നു അത്. അതുവരെ പത്രങ്ങളിൽ കൂടി വായിച്ചറിഞ്ഞ മറഡോണ എന്ന ഇതിഹാസത്തെ ടി.വി സ്‌ക്രീനിൽ നേരിട്ട് കണ്ട ലോകകപ്പ്! രണ്ട് മത്സരങ്ങളിൽ അദ്ദേഹം കളിക്കുന്നത് കാണാൻ കഴിഞ്ഞത് അന്നത്തെ തലമുറക്ക് ഏറെ സന്തോഷം നൽകിയ കാര്യം തന്നെയായിരുന്നു. പക്ഷെ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടപ്പോൾ ആ സന്തോഷം സങ്കടത്തിലേക്ക് വഴിമാറുകയും ചെയ്തു. ലോകം കണ്ട ഇതിഹാസത്തിന്റെ ദുരന്തപൂർണമായ മടക്കം മനസ്സിൽ ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.

ആ ലോകകപ്പിൽ മറ്റു പല പ്രതിഭകളും അന്ന് വിസ്മയംതീർത്തിരുന്നു. ബ്രസീലിയൻ താരം റൊമാരിയോ, ഇറ്റാലിയൻ കളിക്കാരൻ റോബർട്ടോ ബാജിയോ എന്നിവരെപോലെയുള്ള പ്രഗത്ഭരായ താരങ്ങൾ ആ ലോകകപ്പിന്റെ മൈതാനങ്ങളിൽ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ തീർത്തു.

പിന്നെ ഒരു സങ്കടവും ആ ലോകകപ്പിനെ തുടർന്ന് നടന്നു.. അമേരിക്കയുമായുള്ള മത്സരത്തിൽ കൊളംബിയൻ കളിക്കാരനായ ആന്ദ്രേ എസ്‌കോബാർ എന്ന കളിക്കാരന്റെ ബൂട്ടിൽ തട്ടി സ്വന്തം ഗോൾ പോസ്റ്റിലേക്ക് ഒരു ഗോൾ വീണപ്പോൾ അദ്ദേഹത്തിന് പകരം കൊടുക്കേണ്ടിവന്നത് സ്വന്തം ജീവൻ തന്നെയാണ്. ലോകകപ്പിൽ നിന്ന് കൊളംബിയ പുറത്തായതിന് ശേഷം നാട്ടിലെത്തിയ താരത്തെ ആ നാടിനെ തന്നെ നിയന്ത്രിക്കുന്ന വാതുവെപ്പ്, ഡ്രഗ് മാഫിയ ഒരു ബാറിനടുത്തുവെച്ച് വെടിവെച്ച് കൊന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. കളിമൈതാനത്തെ ഒരു സെൽഫ്‌ ഗോൾ പോലും കളത്തിന് പുറത്തെ കളിയിൽ പ്രധാനമാകുന്ന കാഴ്ച.

എന്റെ നാട്ടിൻപുറത്ത് 21 ഇഞ്ച് ടിവിക്ക് മുന്നിൽ വ്യത്യസ്ത പ്രായക്കാരായ ആളുകളോടൊപ്പം കളി കണ്ടുകൊണ്ടിരുന്നത് തന്നെ മറക്കാനാകാത്ത ദൃശ്യമാണ്. ഏറെ പ്രയാസപ്പെട്ട് ഉയർത്തിവെച്ച ആ ആന്റിന അങ്ങോട്ടുമിങ്ങോട്ടും സിഗ്നൽ പിടിച്ച് കളി കണ്ടിരുന്നതിന്റെ മനോഹരങ്ങളായ ഓർമ ഇന്നത്തെ ഫ്ലക്സ് സംസ്ക്കാരത്തിന്റെ എത്രയോ ഇരട്ടിയാണ്. അന്ന് ഞങ്ങൾക്ക് ഏതെങ്കിലും രാജ്യത്തിന്റെയോ അല്ലെങ്കിൽ താരത്തിന്റെയോ ആരാധകർ ആകേണ്ടിവന്നിരുന്നില്ല ആ മത്സരങ്ങൾ ഒന്നിച്ചിരുന്ന് ആസ്വദിച്ച് കാണുവാൻ. അന്നും ഇന്നും ആരാധന ഫുട്ബാൾ എന്ന കളിയോട് മാത്രമായിരുന്നു. അതിന് വയസ്സോ മതമോ ജാതിയോ ഞങ്ങൾക്ക് അതിർവരമ്പായിരുന്നില്ല. കൂടെ കളികണ്ടുകൊണ്ടിരുന്ന പ്രായമായ വ്യക്തികൾ വെറും പത്രമാധ്യമങ്ങളിൽ കൂടി കണ്ട കളിക്കാരുടെ സവിശേഷതകൾ കൃത്യമായി അവിടെ കൂടിയവരോട് പങ്കുവെക്കുമ്പോൾ അന്നത്‌ വലിയ അത്ഭുതമായി തോന്നിയില്ലെങ്കിലും ഇന്നത് ഓർക്കുമ്പോൾ നമ്മുടെ മുമ്പെയുള്ളവർ എത്രമാത്രം കാലത്തോടൊപ്പം സഞ്ചരിച്ചവരായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

ഇനിയും പുനർജനിക്കട്ടെ ഇതിഹാസതാരങ്ങൾ. അന്ന് മറഡോണയാണെങ്കിൽ ഇന്നത് മെസ്സിയിലും ക്രിസ്റ്റ്യാനോയിലും നെയ്മറിലും എംബാപ്പെയിലും പിന്നെയും ഒരുപിടി താരങ്ങളിലും എത്തിനിൽക്കുന്നു. ഇവരിൽ കൂടി ഇനിയും മനോഹര ദൃശ്യങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ കോറിയിടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonagulfmadhyamamomannewsMemoriesFIFAWorldCup
News Summary - Maradona's last World Cup in memories
Next Story