ഇറാൻ-അമേരിക്ക ആണവ ചർച്ച: നയതന്ത്രമേഖലയിൽ വീണ്ടും ഒമാന്റെ വിജയത്തിളക്കം
text_fieldsമസ്കത്ത്: ഇറാൻ-അമേരിക്ക ആണവ വിഷയത്തിൽ ഉന്നതതല ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാനെ പ്രശംസിച്ച് ലോക രാജ്യങ്ങൾ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി മധ്യസ്ഥതയിലായിരുന്നു കഴിഞ്ഞ ദിവസം രണ്ടര മണക്കൂർ നീണ്ടുനിന്ന ആദ്യ ഘട്ട ചർച്ച നടന്നത്. രണ്ടാം ഘട്ട ചർച്ച അടുത്ത ശനിയാഴ്ച വീണ്ടും മസ്കത്തിൽ നടക്കം. ചർച്ച ക്രിയാതമകവും സൃഷ്ടിപരവുമായിരുന്നുവെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കി.
2018ൽ ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയ ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ച നടന്നത്. ചർച്ചക്ക് മധ്യസ്ഥത വഹിച്ച ഒമാന്റെ നടപടികൾ നയതന്ത്രമേഖലയിലെ തിളക്കമുള്ള ഒരു പൊൻതൂവൽ കൂടിയായി. കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന ചർച്ചയെ പോസീറ്റിവും ക്രിയാത്മകമെന്നും വിശേഷിപ്പിച്ച വൈറ്റ് ഹൗസ്, സംഭാഷണത്തിന് സൗകര്യമൊരുക്കിയതിന് ഒമാനിനോട് നന്ദിപറഞ്ഞു.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഇരുരാജ്യങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രസിഡന്റ് ട്രംപിൽനിന്ന് തനിക്ക് നിർദ്ദേശമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത യു.എസ് പ്രത്യേക ദൂതൻ വിറ്റ്കോഫ് അറിയിച്ചു. ഈ പ്രശ്നങ്ങൾ വളരെ സങ്കീർണമാണ്, പരസ്പര പ്രയോജനകരമായ ഫലം കൈവരിക്കുന്നതിനുള്ള ഒരു മുന്നേറ്റമായിരുന്നു ചർച്ചയെന്നും അധികൃതർ അറിയിച്ചു.
മസ്‌കത്തിൽ ചർച്ചകൾ നടത്തിയതിനും തന്റെ രാജ്യത്തിനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ നടത്തിയ ശ്രമങ്ങൾക്കും ഇറാൻ വിദേശകാര്യ മന്ത്രി സുൽത്താനേറ്റിനോട് നന്ദി അറിയിച്ചു. പരസ്പര ബഹുമാനത്തിന്റെ അന്തരീക്ഷത്തിൽ യു.എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായുള്ള ചർച്ചകൾ ക്രിയാത്മകവും പ്രതീക്ഷ നൽകുന്നതുമായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഡോ. സിയാദ് അബ്ബാസ് അറാച്ചിയും സ്റ്റീഫ് വിക്കോഫും തമ്മിൽ ചർച്ചക്ക് ആതിഥ്യം നൽകിയതിൽ അഭിമാനമുണ്ടെന്ന് ഒമാൻ വിദേശകകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബസൈദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് ചർച്ചകളുടെയും ഉടമ്പടികളുടെയും തുടർച്ചയാവുമെന്നും ഏറ്റവും നല്ല കരാറുകളിൽ എത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടത്താൻ കഴിഞ്ഞതിലും മേഖലയുടെയും ലോകത്തിന്റെയും സമാധാനവും സുരക്ഷയും സ്ഥിരതയും നേടുന്ന രീതിയിലുള്ള വീക്ഷണങ്ങൾ ഇങ്ങനെ കരാറിൽ എത്തിക്കാൻ കഴിഞ്ഞതിലും രണ്ട് സഹപ്രവർത്തകർക്കും നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു. ലക്ഷ്യം കൈവരിക്കാൻ തങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
ഉന്നതതല ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാനെ കുവൈത്തും പ്രശംസിച്ചു. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിന് ചർച്ചകൾ സഹായകമാകും. ഇതിൽ ഒമാൻ നടത്തിയ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി സംഭാഷണത്തിനും നയതന്ത്ര പരിഹാരങ്ങൾക്കും കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒമാൻ നടത്തിയ ശ്രമത്തെ പ്രശംസിച്ചു.
ഉന്നതതല ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഒമാന്റെ നയതന്ത്ര ശ്രമങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണക്കും നന്ദി അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉൾപ്പെടെ മേഖലയിലെ സംഭവവികാസങ്ങൾ ഒമാൻ വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ടെലിഫോണിലൂടെ ചർച്ച ചെയ്തു.
സംവാദ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സുൽത്താനേറ്റ് വഹിച്ച നല്ല പങ്കിനെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഖത്തർ രാജ്യത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. മസ്കത്തിൽ നടക്കുന്ന ചർച്ചകളിലെ പുരോഗതിയെക്കുറിച്ച് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫോണിലൂടെ ആരാഞ്ഞു. ക്രിയിയാത്മക സംഭാഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഒമാൻറ്റ് നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിൽ ഈ ശ്രമങ്ങൾക്കുള്ള പ്രധാന്യത്തെ കുറിച്ചും അദേഹം ചൂണ്ടികാട്ടി.
ചർച്ചകൾക്ക് സുൽത്താനേറ്റ് ആതിഥേയത്വം വഹിച്ചതിനെ ഈജിപ്തും സ്വാഗതം ചെയ്തു. മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾക്കിടയിലും രാഷ്ട്രീയവും സമാധാനപരവുമായ പരിഹാരങ്ങൾ തേടുന്നതിൽ ഒമാൻ വഹിക്കുന്ന ക്രിയാത്മകവും നിർണായകവുമായ പങ്കിനെ ഈജിപ്ത് അഭിനന്ദിച്ചു. അതുപോലെ തന്നെ രാഷ്ട്രീയ സംഘർഷങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് പ്രശംസിക്കുകയും ചെയ്തു. മേഖലയെ വിഴുങ്ങുന്ന പ്രതിസന്ധികൾക്ക് സൈനിക പരിഹാരങ്ങളില്ലെന്നും സംഘർഷാവസ്ഥയും സംഘർഷവും നിറഞ്ഞ നയങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ. ഇത് കാലങ്ങളായി ഈജിപ്ത് വാദിച്ചുവരുന്ന ഒരു സമീപനമാണ്. സംഭാഷണത്തിലൂടെ രാഷ്ട്രീയ പരിഹാരങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഒമാന്റെ ആത്മാർത്ഥമായ എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ അറിയിക്കുകയാണെന്നും ഈജിപ്ത് അറിയിച്ചു.
സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒമാന്റെ നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയാണെന്ന് ജോർഡനും വ്യക്തമാക്കി. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ഒമാന്റെ പങ്കിനെ പ്രശംസിക്കുകയാണെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.