നിക്ഷേപം വർധിപ്പിക്കാൻ ഇറാനും ഒമാനും ധാരണ
text_fieldsവാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ് കരാറുകളിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇറാൻ സന്ദർശനത്തിന്റെ ഭാഗമായി നിക്ഷേപം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ടെഹ്റാനിലെ സാദാബാദ് പാലസിൽ നടന്ന ചടങ്ങിൽ രണ്ട് വീതം ധാരണാപത്രങ്ങളിലും സഹകരണ കരാറുകളിലുമാണ് ഒപ്പുവെച്ചത്.
നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, നിക്ഷേപ അവസരങ്ങൾ കൈമാറ്റം ചെയ്യുക, വികസനം ഉത്തേജിപ്പിക്കുക, സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് രണ്ട് ധാരണാപത്രങ്ങളുടെ ഭാഗമായി വരുന്നത്. എണ്ണ വിവരങ്ങൾ കൈമാറുന്നതും ഹെംഗം-ബഖ ഫീൽഡ് പദ്ധതിയെക്കുറിച്ചുള്ള സംയുക്ത പഠനവും കൈകാര്യം ചെയ്യലുമാണ് രണ്ട് കരാറുകളിൽ വരുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫും ഇറാൻ സാമ്പത്തിക, സാമ്പത്തിക കാര്യ മന്ത്രി ഇഹ്സാൻ ഖന്ദോസിയും ചേർന്നാണ് ആദ്യ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
രണ്ടാമത്തെ ധാരണാപത്രത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫും ഇറാൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ഫ്രീ സോണുകൾക്കായുള്ള ഹൈ കൗൺസിൽ സെക്രട്ടറിയുമായ ഹൊജതോല്ല അബ്ദുൽമലേകിയും ഒപ്പുവെച്ചത്.ഊർജ, ധാതു വകുപ്പ് മന്ത്രി സലിം നാസർ അൽ ഔഫിയും ഇറാൻ ഊർജ മന്ത്രി അലി അക്ബർ മെഹ്റാബിയനും ചേർന്നാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഒപ്പിടൽ ചടങ്ങുകളിൽ ഇരുഭാഗത്തുനിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്തു.
സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡന്റ് ഡോ ഇബ്രാഹിം റഈസിയും തെഹ്റാനിലെ ഇറാനിയൻ പ്രസിഡൻഷ്യൽ മന്ദിരത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. യോഗത്തിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

