ഉപരോധം നീക്കാൻ ഇടപെടൽ; ഒമാനെ അഭിനന്ദിച്ച് ഇറാൻ
text_fieldsമസ്കത്ത്: ഉപരോധം നീക്കാൻ സഹായിക്കുന്ന ഒമാന്റെ നയതന്ത്ര ശ്രമങ്ങളെ ഇറാൻ അഭിനന്ദിച്ചു. തെഹ്റാനെതിരെയുള്ള ഉപരോധം നീക്കുന്നതിൽ മസ്കത്ത് തങ്ങളുടെ പങ്കുമായി മുന്നോട്ടുപോകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയൻ പറഞ്ഞു. തെഹ്റാനിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അബ്ദുല്ലാഹിയാൻ ഇക്കാര്യം പറഞ്ഞത്.
മേഖലയിൽ ഒമാൻ ഇറാന്റെ വളരെ അടുത്ത സുഹൃത്താണെന്ന് പ്രസ്താവിച്ച ഇറാൻ വിദേശകാര്യ മന്ത്രി തെഹ്റാനും മസ്കത്തും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നത് ബന്ധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്നും പറഞ്ഞു. ഇറാനും ഒമാനും തങ്ങളുടെ ബന്ധത്തിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നത് മുൻ കരാറുകൾ അവലോകനം ചെയ്യാനും നടപ്പാക്കാനുമുള്ള അവസരമാണെന്നും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണത്തിന് സമഗ്രമായ ഒരു രേഖ തയാറാക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിയാലോചനകൾ തുടരേണ്ടത് ആവശ്യമാണ്.
ജോയന്റ് ഇക്കണോമിക് കോഓപറേഷൻ കമീഷന്റെ അടുത്ത യോഗം സമീപഭാവിയിൽ തെഹ്റാനിൽ നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അബ്ദുല്ലാഹിയാൻ, വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ചയുടെ ഫലങ്ങൾ സഹായിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന ബന്ധത്തിൽ സയ്യിദ് ബദറും സംതൃപ്തി പ്രകടിപ്പിച്ചു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി തിങ്കളാഴ്ചയായിരുന്നു തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒമാനി, ഇറാനിയൻ ജനതകളുടെ താൽപര്യങ്ങൾ സേവിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

